അതീവ ജാഗ്രത; ‘രാത്രി മുഖം മറച്ച്‌ അര്‍ധ നഗ്നരായി എത്തും’, സിസിടിവിയില്‍ കണ്ടത് ‘കുറുവ’ സംഘത്തെ?

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്‍റെ അറിയിപ്പ്.പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം ഉണ്ടായിരുന്നു. അവിടെയെത്തിയ പൊലീസിന് കിട്ടിയ സി സി ടി വി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനം. മുഖം മറച്ച്‌ അര്‍ധ നഗ്നരായാണ് സാധാരണഗതിയില്‍ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

വിശദവിവരങ്ങള്‍ ഇങ്ങനെ

തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായാണ് സൂചന. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയില്‍ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സി സി ടി വിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണ് കുറുവ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടു പേരാണുള്ളത്. മുഖം മറച്ച്‌ അര്‍ധ നഗ്നരായാണ് സാധാരണഗതിയില്‍ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.