കഴുകാൻ തോട്ടിലിറങ്ങിയപ്പോള്‍ കണ്ടത് ഒരു കാലും തലയോട്ടിയും, ഉപ്പുതറയില്‍ ആഴ്ചകള്‍ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങള്‍

ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടില്‍ ആഴ്ചകള്‍ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്ബനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങള്‍ ഒഴുകിയെത്തിയ നിലയിലാണ് കണ്ടെത്തിയത്.തോട്ടില്‍ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങള്‍ മൂന്നു മാസം മുമ്ബ് കാണാതായ ഉപ്പുതറ സ്വദേശി ഇടവേലിക്കല്‍ ചെല്ലമ്മയുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പീരുമേട് ടീ കമ്ബിനിയിലെ ലോണ്‍ട്രി ഡിവിഷനില്‍ കല്ലുകാട് തോട്ടിലാണ് മൃതദേഹത്തിൻറെ അവശിഷ്ടം കണ്ടത്. സമീപത്ത് കൃഷിപ്പണിക്കെത്തിയ കൃഷ്ണകുമാർ, കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് പഴകിയ ശരീര ഭാഗം കരക്കടിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരു കാലും നട്ടെല്ലിൻറെയും തലയോടിൻറെയും ഭാഗങ്ങളാണുണ്ടായിരുന്നത്. സ്ത്രീയുടേതെന്ന് തോന്നിക്കുന്നതാണ് ശരീരാവശിഷ്ടം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി. പൊലീസ് മൃതദേഹത്തിൻറെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടങ്ങി. ഓഗസ്റ്റ് ഏഴിന് ഉപ്പുതറ സ്വദേശിയായ ഇടവേലിക്കല്‍ ചെല്ലമ്മയെന്ന 85 കാരിയെ കാണാതായിരുന്നു. ശരീരഭാഗങ്ങള്‍ ഇവരുടെ ആണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാർച്ച്‌ മാസത്തിലും ചെല്ലമ്മയെ കാണാതായിരുന്നു. എന്നാല്‍ തെരച്ചിലില്‍ തെയിലത്തോട്ടത്തില്‍ നിന്നും കണ്ടെത്തി.

ഇത്തവണ കാട്ടില്‍ കയറിയതിനു ശേഷം വഴി തെറ്റി അബദ്ധത്തില്‍ കാല്‍വഴുതി തോട്ടില്‍ വീണ് മരണം സംഭവിച്ച്‌ ആകാം എന്നാണ് കരുതുന്നത്. ചെല്ലമ്മയെ കാണാതായത് സംബന്ധിച്ച്‌ ഉപ്പുതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎൻഎ പരിശോധന ഫലവും, പോസ്റ്റുമോർട്ടം റിപ്പോർട്ടും വന്നതിനു ശേഷം മാത്രമേ ശരീര അവശിഷ്ടം ചെല്ലമ്മയുടെതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.