വഴി ചോദിച്ചെത്തി, വയോധികയെ കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം സ്വ‍ര്‍ണം കവ‍ര്‍ന്നു; പ്രതി പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ചാരുംമൂട് വയോധികയെ കാറില്‍ തട്ടിക്കൊണ്ടുപോയി സ്വ‍ർണം കവ‍ർന്ന കേസില്‍ പ്രതി പിടിയില്‍.അടൂർ സ്വദേശി സഞ്ജിത്താണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വർ‍ണം കവർന്ന ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

പന്തളത്തേക്ക് പോകാൻ ബസ് കാത്ത് നിന്ന വയോധികയുടെ അടുത്തേക്ക് പ്രതി കാറുമായെത്തി വഴി ചോദിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വഴി പറഞ്ഞു കൊടുത്ത വയോധികയെ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് നിർബന്ധിച്ച്‌ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുടുംബവിശേഷമൊക്കെ പറഞ്ഞ് അല്‍പദൂരം പോയ ശേഷം ലക്ഷ്യം നടപ്പാക്കി. കൈയില്‍ കരുതിയിരുന്ന പെപ്പർ സ്പ്രേ വൃദ്ധയുടെ കണ്ണിലടിച്ചു. നീറ്റല്‍ സഹിക്കാനാകാതെ കണ്ണുതുറക്കാനാകാത്ത സ്ത്രീയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം ഊരിയെടുത്തു. മൂന്ന് പവൻ മാലയും ഒരു പവൻ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്.

കമ്മല്‍ ചോദിച്ചെങ്കിലും സ്വർണമല്ലെന്ന് പറഞ്ഞതിനാല്‍ എടുത്തില്ല. വീണ്ടും കുറച്ച്‌ ദൂരം കാറില്‍ പോയ ശേഷം സത്രീയെ വഴിയില്‍ ഇറക്കി വിട്ടു.റോഡില്‍ കരഞ്ഞുകൊണ്ടു നിന്ന അവരെ അതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പണം നല്‍കി ബസില്‍ കയറ്റി വീട്ടിലെത്തിച്ചത്. തുടർന്ന് നൂറനാട് പൊലീസില്‍ പരാതി നല്‍കി. സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മണിക്കൂരുകല്‍ക്കകം പ്രതി പിടിയിലായി. കമ്ബ്യൂട്ടർ എഞ്ചിനീയർ ആയ സഞ്ജിത്ത് കട ബാധ്യത തീ‍ർക്കാനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.