‘കോലിയോ രോഹിത്തോ ഒന്നുമല്ല, ഞങ്ങള്‍ ലക്ഷ്യമിട്ടത് അവന്‍റെ വിക്കറ്റ് മാത്രം’; തുറന്നു പറഞ്ഞ് അജാസ് പട്ടേല്‍

ദില്ലി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ എല്ലായ്പ്പോഴും ശ്രമിച്ചത് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ വിക്കറ്റെടുക്കാനെന്ന് തുറന്നുപറഞ്ഞ് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍.റിഷഭ് പന്ത് ക്രീസിലുള്ളപ്പോള്‍ മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് വിജയം ഉറപ്പില്ലായിരുന്നുവെന്നും അജാസ് പട്ടേല്‍ എന്‍ഡിടിവിയോട് പറഞ്ഞു.

മുംബൈ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 28-5ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും റിഷഭ് പന്ത് ക്രീസിലുള്ളപ്പോള്‍ ഞങ്ങളെല്ലാവരും ഭയന്നിരുന്നു. കാരണം, അവന്‍ ഞങ്ങളുടെ വിജയം തട്ടിയെടുക്കുമെന്ന് കരുതി. ഈ പരമ്ബരയില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ പ്രധാനമായും ലക്ഷ്യമിട്ടതും റിഷഭ് പന്തിന്‍റെ വിക്കറ്റായിരുന്നു. കാരണം, ക്രീസിലിറങ്ങിയാല്‍ റിഷഭ് പന്തിന് ഭയമില്ല. ഏത് സാഹചര്യത്തിലും തന്‍റെ സ്വാഭാവിക കളി പുറത്തെടുക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. ക്രീസിലുള്ളിടത്തോളം സമയം അടിച്ചു തകര്‍ക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ഫിലോസഫി. അതിനിടക്ക് ഔട്ടായാലും പ്രശ്നമല്ല. പരമ്ബരയില്‍ 15 വിക്കറ്റെടുത്ത അജാസ് പട്ടേല്‍ പറഞ്ഞു.

വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ചാല്‍ മികവ് കാട്ടാനാകുമെന്നും അജാസ് പട്ടേല്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇന്ത്യൻ ടീമിലുണ്ട്. അവരില്‍ പലരും മുമ്ബ് ഓസ്ട്രേലിയയില്‍ കളിച്ചവരുമാണ്. ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. സമ്മര്‍ദ്ദമുണ്ടാകുമെങ്കിലും ജയവും തോല്‍വിയുമെല്ലാം കളിയുടെ ഭാഗമാണെന്നും അജാസ് പട്ടേല്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റില്‍ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യൻ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ 57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്ത് മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. അജാസ് പട്ടേലിന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ മുംബൈ ടെസ്റ്റില്‍ 25 റണ്‍സ് തോല്‍വി വഴങ്ങി ഇന്ത്യ പരമ്ബര 0-3ന് കൈവിട്ടിരുന്നു.