ട്രംപിന് അഭിനന്ദനമറിയിച്ച്‌ നരേന്ദ്ര മോദി; ഇന്ത്യ – യുഎസ് സഹകരണം കൂടുതല്‍ ശക്തമാവുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് മോദി എക്സില്‍ കുറിച്ചത്. ഇന്ത്യ – അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രിയുടെ ആശംസ. തന്ത്രപരമായ മേഖലകളിലെ സഹകരണവും പുതുക്കണമെന്നും ട്രംപിനൊപ്പമുള്ള വിവിധ നിമിഷങ്ങളുടെ ചിത്രങ്ങളോട് കൂടിയ കുറിപ്പില്‍ പ്രധാനമന്ത്രി വിശദമാക്കുന്നത്. ഇരു രാജ്യത്തേയും ജനങ്ങളുടെ പുരോഗതി, സമാധാനം, സ്ഥിരതയും ലക്ഷ്യമിട്ട് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി കുറിപ്പില്‍ വിശദമാക്കുന്നുണ്ട്.

അല്‍പസമയം മുമ്ബ് ജനങ്ങളെ അഭിസംബോധന ചെയ്ത ഡോണാള്‍ഡ് ട്രംപ് , അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയില്‍ പറഞ്ഞു.

തിങ്ങി നിറഞ്ഞ വേദിയില്‍ ഹർഷാരവത്തോടെയാണ് അണികള്‍ ട്രംപിനെ സ്വാഗതം ചെയ്തത്. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്ബോള്‍ ട്രംപിന്റെ ഭാര്യയും മക്കളും വേദിയില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബനം നല്‍കിയുമാണ് ട്രംപ് നന്ദി പറഞ്ഞത്.