ക്യാപ്റ്റന്‍റെ തീരുമാനത്തില്‍ അതൃപ്തി; അല്‍സാരി ജോസഫ് മത്സരത്തിനിടെ വഴക്കിട്ട് ക്രുദ്ധനായി ഗ്രൗണ്ട് വിട്ടു
ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ ക്യാപ്റ്റന്‍ ഷായ് ഹോപ്പുമായി വഴക്കിട്ട് ഗ്രൗണ്ടില്‍ നിന്നിറങ്ങി പോയി വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ്.മത്സരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 43 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബ്രന്‍ഡന്‍ കിംഗ് (102), കെയ്‌സി കാര്‍ട്ടി (128) എന്നിവരാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്.
എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വിവാദസംഭവം അരങ്ങേറി. ഫീല്‍ഡര്‍മാരെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് താരം ഗ്രൗണ്ട് വിട്ടത്. ഇംഗ്ലണ്ട് 10/1 എന്ന നിലയില്‍ നില്‍ക്കുമ്ബോഴായിരുന്നു സംഭവം. മത്സരത്തില്‍ നാലാം ഓവര്‍ എറിയാനെത്തിയ അല്‍സാരി ആദ്യ പന്തിന് ശേഷം അസംതൃപ്തനായിരുന്നു. ഫീല്‍ഡിംഗ് പൊസിഷന്‍ മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഷായ് ഹോപ്പിന് അതിന് ശ്രമിച്ചില്ല. വീണ്ടും വീണ്ടും ആംഗ്യം കാണിച്ചെങ്കിലും ഫീല്‍ഡറെ മാറ്റിയില്ല. ആ ഓവറിന്റെ നാലാം പന്തില്‍ ജോര്‍ദാന്‍ കോക്‌സിന്റെ വിക്കറ്റ് എടുക്കുകയും ചെയ്തു. വിക്കറ്റ് ആഘോഷിക്കുന്നതിനിടെയിലും രോഷാകുലനായിരുന്നു താരം. പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം ഗ്രൗണ്ട് വിടുകയായിരുന്നു താരം. അടുത്ത ഓവറില്‍ 10 പേരുമായിട്ടാണ് വിന്‍ഡീസ് കളിച്ചത്. ആ ഓവറിന് ശേഷം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും നിലവില്‍ പരിശീലനകനുമായ ഡാരന്‍ സമി ബൗണ്ടറി ലൈനിന് അപ്പുറത്ത് നിന്ന് താരത്തെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അല്‍സാരി പിന്നീട് ഗ്രൗണ്ടിലെത്തിയെങ്കിലും ഉടനെതന്നെ പന്തെറിയാല്‍ ഏല്‍പ്പിച്ചില്ല. റൊമാരിയോ ഷെപ്പേര്‍ഡാണ് പകരം എറിയാനെത്തിയത്. തന്റെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥെലിനെ പുറത്താക്കുകയും ചെയ്തു.മത്സരം ജയിച്ചതോടെ വിന്‍ഡീസ് പരമ്ബര സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ഫില്‍ സാള്‍ട്ട് (74), ഡാന്‍ മൗസ്ലി (57), സാം കറന്‍ (40), ജോഫ്ര ആര്‍ച്ചര്‍ (17 പന്തില്‍ 38), ജാമി ഓവര്‍ടോണ്‍ (32) മികച്ച പ്രകടനം പുറത്തെടുത്തു. മാത്യു ഫോര്‍ഡെ മൂന്നും അല്‍സാരി, ഷെപേര്‍ഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.