ആശങ്കയുടെ മൂന്ന് ദിവസങ്ങള്‍; ഒടുവില്‍ ഭാര്യയ്ക്ക് ഫോണ്‍കോള്‍, കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലെത്തി
മലപ്പുറം: കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസില്‍ദാർ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി വീട്ടില്‍ തിരിച്ചെത്തി.ഇന്നലെ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്ന് ഡെപ്യുട്ടി തഹസില്‍ദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഭാര്യയുമായി സംസാരിച്ചിരുന്നു. രാവിലെ ഭാര്യയുടെ ഫോണ്‍ കോള്‍ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തില്‍ പോയതെന്നാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്. വിളിച്ചത് കർണാടകയില്‍ നിന്നെന്നാണ് വിവരം.ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. മൊബൈല്‍ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.
വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലർച്ചെ 02.02 വരെ ഓണായ ഫോണ്‍ പിന്നീട് ഓഫായി. എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.