500 അടിച്ച്‌ കൂട്ടി ചരിത്രമെഴുതുമോ, യുവതാരത്തെ ഉറ്റുനോക്കി ഇന്ത്യ; 58 ബൗണ്ടറികളുമായി കിടിലൻ ഇന്നിങ്സ്

ദില്ലി: അണ്ടർ 23 സികെ നായിഡു ട്രോഫിയില്‍ റെക്കോർഡ് പ്രകടനവുമായി ഹരിയാന താരം യശ്വവർധൻ ദലാല്‍. ക്വാഡ്രപ്പിള്‍ സെഞ്ച്വറിയും കടന്ന് മുന്നേറുകയാണ് താരം.മുംബൈക്കെതിരെയാണ് ചരിത്രനേട്ടം. കളി നിർത്തുമ്ബോള്‍ 46 ഫോറുകളും 12 സിക്‌സറുകളും പറത്തി 426 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് താരം.

രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ഹരിയാന എട്ട് വിക്കറ്റ് നഷ്ടത്തില്‍ 732 റണ്‍സെടുത്തിട്ടുണ്ട്. താരം 500 റണ്‍സെന്ന മാന്ത്രിക സംഖ്യ തൊടുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 463 പന്തുകളിലാണ് ദലാല്‍ ഇത്രയും റണ്‍സെടുത്തത്. യശ്വർദ്ധനൊപ്പം ഓപ്പണ്‍ ചെയ്ത അർഷും സെഞ്ച്വറി നേടി. 311 പന്തുകളില്‍ നിന്ന് അർഷ് 151 റണ്‍സ് നേടി.

18 ഫോറും 1 സിക്സും ഉള്‍പ്പെടുന്നതാണ് അർഷിൻ്റെ ഇന്നിംഗ്സ്. ഇതിനിടെ ഇരുവരും തമ്മില്‍ 410 റണ്‍സിൻ്റെ കൂട്ടുകെട്ടുയർത്തി. ക്യാപ്റ്റൻ സർവേഷ് രോഹില്ല 59 പന്തുകള്‍ നേരിട്ടു 48 റണ്‍സെടുത്തു. മുംബൈക്ക് വേണ്ടി അഥർവ ഭോസ്ലെ അഞ്ച് വിക്കറ്റ് വീഴ്ത്തി.