റെയില്‍വേ സ്റ്റേഷനിലെത്തിയ പൊലീസ് നായ ഓടിയത് സമീപത്തെ വീട്ടിലേക്ക്; പിന്നാലെ പാഞ്ഞ് പൊലീസ്, ടെറസില്‍ കഞ്ചാവുചെടി

ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച്‌ പോയത് സമീത്തെ വീട്ടിലേക്ക്.പൊലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്. റെയില്‍വേ സ്റ്റേഷന്‍റെ സമീപമുള്ള വീട്ടിലെ ടെറസില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്. വാറങ്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

പുതുതായി പൊലീസ് സേനയില്‍ പ്രവേശിച്ച സ്‌നിഫർ ഡോഗിനെ ശിവനഗർ ഭാഗത്തെ പതിവ് മയക്കുമരുന്ന് വിരുദ്ധ പരിശോധനയ്‌ക്കായാണ് വാറങ്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 100 മീറ്റർ വരെ ദൂരെയുള്ള മയക്കമരുന്ന് വരെ മണത്ത് തിരിച്ചറിയാൻ പരിശീലനം ലഭിച്ച പൊലീസ് നായ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കാര്യമായി ഒന്നും കണ്ടെത്തിയില്ല. എന്നാല്‍, എന്തോ സംശയം തോന്നി സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടി.

പടികള്‍ കയറി കെട്ടിടത്തിന്‍റെ ടെറസിലേക്ക് സ്നിഫർ നായ പാഞ്ഞപ്പോള്‍ ഒരു പിടിയും കിട്ടിയില്ലെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് എത്തി. അവിടെ ടെറസ് ഗാർഡനില്‍ വളരുന്ന രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സേനയില്‍ ഇതോടെ പുതിയ പൊലീസ് നായ മിന്നും താരമായിരിക്കുകയാണ്.