ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ നിറയെ കുഞ്ഞികൃഷ്ണന്മാരും രാധമാരും തൂക്കിയെങ്കിലും ഗുരുവായൂരില്‍ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായത്. തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായി കടന്നുപോകാനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ പൊലീസ് ഉദ്യോഗസ്ഥൻ. ഭക്തർക്ക് വഴി കാണിച്ചും, തിരക്ക് നിയന്ത്രിച്ചും, വളരെ സൗഹാർദ്ദപരമായി കർത്തവ്യം നിർവഹിക്കുന്ന മനോഹര നിമിഷങ്ങളാണ് വൈറലായത്.

ഈ പൊലീസ് ഉദ്യോഗസ്ഥന്‍ ആരെന്നാണ് സോഷ്യല്‍ മീഡിയ പരതിയത്. പാലക്കാട് കുറ്റനാട് സ്വദേശിയായ അര്‍ജുനാണ് ആ വൈറല്‍ പൊലീസ് ഉദ്യോഗസ്ഥന്‍. പ്രശസ്ത തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം നന്ദകുമാറിന്റെ അനിയനാണ് അര്‍ജുന്‍. അതിനിടെ ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്ന പൊലീസ് ജോലി സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്ത അർജുന്റെ നേട്ടവും ശ്രദ്ധേയമാകുകയാണ്. 35,000 ഉദ്യോഗാർഥികളാണ് പങ്കെടുത്ത പരീക്ഷയിൽ 35-ാം റാങ്ക് സ്വന്തമാക്കിയാണ് അർജുൻ പൊലീസ് സേനയിലെത്തിയത്.
പരിശീലനഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവച്ച അർജുൻ, പിന്നീട് സേനയുടെ ഭാഗമാകുകയായിരുന്നു. 2025ൽ പരിശീലനം പൂർത്തിയാക്കിയ ശേഷം പൊലീസ് സേവനത്തിൽ പ്രവേശിച്ചു. നിലവിൽ തൃശൂർ കെ.എ.പി രണ്ടാം ബറ്റാലിയനിൽ ജോലി ചെയ്യുകയാണ്. പൊലീസ് യൂണിഫോമിലുള്ള അർജുന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെയാണ് നിരവധി പേരുടെ ശ്രദ്ധയിലേക്കും അദ്ദേഹം എത്തിയത്. എന്നാൽ സമൂഹമാധ്യമങ്ങളിലെ ജനപ്രീതിയേക്കാൾ ഏറെ പ്രധാന്യം നൽകുന്നത് ആഗ്രഹിച്ച് നേടിയ ജോലി ആത്മാർഥതയോടെ നിർവഹിക്കുകയാണ് അർജുൻ.

