മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയിലായിരുന്ന അന്ത്യം.സംസ്ക്കാരം നാളെ കോഴിക്കോട് നടക്കും.

ജനിച്ചത് കണ്ണൂരിലാണെങ്കിലും കോഴിക്കോടായിരുന്നു എംടി പത്മയുടെ പൊതുപ്രവര്‍ത്തന തട്ടകം. ലോ കോളേജില്‍ പഠിക്കുമ്ബോള്‍ കെഎസ് യുവിലൂടെയാണ് എം ടി പത്മ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം തിളച്ചു മറിയുന്ന കാലത്ത് കെഎസ് യു ഉപാധ്യക്ഷയായിരുന്നു.

1982 ല്‍ കെ. കരുണാകരനറെ നിര്‍ദേശപ്രകാരം നാദാപുരത്തു മത്സരിച്ചെങ്കിലും രണ്ടായിരത്തിമുന്നൂറോളം വോട്ടിന് പരാജയപ്പെട്ടു. എന്നാല്‍ 1987 ലും 91 ലും കൊയിലാണ്ടിയില്‍ നിന്നും എംടി പത്മ നിയമസഭയിലേക്ക് ജയിച്ചു കയറി. 91 ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്- ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1999 ല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടുകള്‍ക്കായിരുന്നു വടകരയിലെ തോല്‍വി. കെ കരുണാകരനുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ച പത്മ ഡിഐസിയിലേക്ക് പോയെങ്കിലും പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ അസുഖം കാരണം ഏറെ നാളായി മുംബെയില്‍ മകളുടെ വീട്ടിലായിരുന്നു എംടി പത്മ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും.