ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം തുടങ്ങി

കൊല്ലം: കൊല്ലം അരിപ്പയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നാടൻ തോക്ക് കണ്ടെത്തി. ജലാലുദ്ദീൻ എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്ക് ലഭിച്ചത്.വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം എന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.

അരിപ്പ നാട്ടുകല്ലില്‍ ഓയില്‍പാമിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് നാടൻ തോക്ക് കണ്ടെത്തിയത്. ഏറെ നാളായി അടച്ചിട്ടിരിക്കുന്ന വീട്ടിലായിരുന്നു സംഭവം. വീട്ടുടമയായ ജലാലുദ്ദീൻ പറമ്ബില്‍ തേങ്ങയിടാനായി ജോലിക്കാരനുമായി എത്തിയതായിരുന്നു. വീട്ടിനുള്ളില്‍ വിശ്രമിക്കവേയാണ് കട്ടിലിലെ മെത്തക്കടിയില്‍ ഒളിപ്പിച്ച തോക്ക് കാണുന്നത്. അഞ്ചല്‍ വനം റെയിഞ്ച് പരിധിയിലാണ് വീടും പറമ്ബും ഉള്ളത്. ഉടൻ തന്നെ വീട്ടുടമ വനംവകുപ്പിനെ വിവരം അറിയിച്ചു.

ഒയില്‍പാമിന് സമീപം വന്യമൃഗവേട്ട നടക്കാറുണ്ട്. ഇത്തരം സംഘങ്ങളില്‍പ്പെട്ടവർ ഒളിപ്പിച്ചിച്ച തോക്കായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് സംഘം തോക്ക് കസ്റ്റഡിയിലെടുത്ത് ചിതറ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം തുടരുന്നു.