രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡിട്ട് കേരളത്തിന്‍റെ സച്ചിന്‍; രോഹന്‍ പ്രേമിനെ മറികടന്ന് റണ്‍മലയുടെ മുകളില്‍
ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ഹരിയാനക്കെതിരായ മത്സരത്തില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്ബോള്‍ 24 റണ്‍സുമായി ക്രീസിലുള്ള സച്ചിന്‍ കേരളത്തിനായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.ഹരിയാനക്കെതിരെ 15 റണ്‍സെടുത്തപ്പോഴാണ് സച്ചിന്‍ റെക്കോര്‍ഡ് പേരിലാക്കിയത്. 99 മത്സരങ്ങളില്‍ നിന്ന് 5396 റണ്‍സ് നേടിയ 35കാരനായ സച്ചിന്‍ ബേബി രോഹന്‍ പ്രേമിനെയാണ് റണ്‍വേട്ടയില്‍ മറികടന്നത്.
കഴിഞ്ഞ ആഴ്ച ഉത്തര്‍പ്രദേശിനെതിരായ രഞ്ജി മത്സരത്തില്‍ 83 റണ്‍സടിച്ച സച്ചിന്‍ ബേബി തന്നെയാണ് രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരവും. 15 സെഞ്ചുറികളാണ് സച്ചിന്‍ കരിയറില്‍ കേരളത്തനായി അടിച്ചെടുത്തത്. 2009-2010 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ സച്ചിന്‍ ബേബി ലിസ്റ്റ് എ ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്ന് 2826 റണ്‍സും 70 ടി20 ഇന്നിംഗ്സുകളില്‍ നിന്ന് 1781 റണ്‍സും സച്ചിന്‍ നേടിയിട്ടുണ്ട്. 2022-23 സീസണില്‍ വിവിധ ഫോര്‍മാറ്റുകളിലായി 25 ഇന്നിംഗ്സുകളില്‍ നിന്ന് 77 റണ്‍സ് ശരാശരിയില്‍ ഏഴ് സെഞ്ചുറികളടക്കം 1660 റണ്‍സാമ് സച്ചിന്‍ അടിച്ചെടുത്തത്.കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ വര്‍ഷം തുടങ്ങിയ കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്സിനെ കിരീടത്തിലേക്ക് നയിച്ചും സച്ചിന്‍ മികവ് കാട്ടിയിരുന്നു. 12 കളികളില്‍ 528 റണ്‍സുമായി കേരള ക്രിക്കറ്റ് ലീഗിലെ ടോപ് സ്കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സച്ചിന്‍ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിനായി പുറത്താകാതെ 105 റണ്‍സടിച്ചാണ് സച്ചിന്‍ കിരീടം സമ്മാനിച്ചത്.രഞ്ജി ട്രോഫിയില്‍ ഹരിയാനക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 51 റണ്‍സോടെ അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന്‍ ബേബിയും ക്രീസില്‍. 55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്‍റെയും ബാബാ അപരാജിതിന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതിനാല്‍ ആദ്യ സെഷനില്‍ മത്സരം പൂര്‍ണമായും തടസപ്പെട്ടിരുന്നു.