സഞ്ജു സാംസണ്‍ സെവാഗിനെ പോലെ, ടെസ്റ്റില്‍ ഓപ്പണറാക്കിയാല്‍ അടിച്ചു തകര്‍ക്കുമെന്ന് മുൻ പരിശീലകൻ ബിജു ജോര്‍ജ്ജ്

തിരുവനന്തപുരം: ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികളോടെ റെക്കോര്‍ഡിട്ട മലയാളി താരം സഞ്ജു സാംസണ് ടെസ്റ്റ് ക്രിക്കറ്റിലും ഓപ്പണറായി അവസരം നല്‍കണമെന്ന് സഞ്ജുവിന്‍റെ ആദ്യകാല പരിശീലകനും ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് പരിശീലകനുമായ ബിജു ജോര്‍ജ്.മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗിനെപ്പോലെ ടെസ്റ്റിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്നും ബിജു ജേര്‍ജ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനുളള തന്‍റെ ആഗ്രഹം സഞ്ജുവും നേരത്തെ തുറന്നു പറഞ്ഞിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും കരിയറിന്‍റെ സായാഹ്നത്തിലാണെന്നത് ടെസ്റ്റ് ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത കൂട്ടുന്നുമുണ്ട്. ഇതിനിടെയാണ് സഞ്ജുവിനെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് ബിജു ജോര്‍ജ് പറയുന്നത്.

ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിടണമെങ്കില്‍ സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായും ഓപ്പണറായി ഇറങ്ങണമെന്നും ബിജു ജോര്‍ജ് പറഞ്ഞു. തുടക്കം കിട്ടിയാല്‍ പിന്നെ സഞ്ജുവിനെ തടയുക അസാധ്യമായിരിക്കും. സഞ്ജു വീരേന്ദര്‍ സെവാഗിനെപ്പോലെയാണെന്നും അങ്ങനെയുള്ള കളിക്കാര്‍ എല്ലാ മത്സരങ്ങളിലും വലിയ സ്കോര്‍ നേടിയില്ലെങ്കിലും മാച്ച്‌ വിന്നര്‍മാരാകുമെന്നും ബിജു ജോര്‍ജ് റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ആദ്യം കേരളത്തിനായി സഞ്ജു ഓപ്പണ്‍ ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. വൈറ്റ് ബോള്‍ ടീമില്‍ ഇത് സഞ്ജുവിന്‍റെ രണ്ടാം വരവാണ്. ഒമ്ബത് വര്‍ഷം മുമ്ബ് അരങ്ങേറിയെങ്കിലും അവന് ടീമില്‍ വേണ്ടത്ര പിന്തുണയോ അവസരങ്ങളോ കിട്ടിയില്ല. എന്നാലിപ്പോള്‍ ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയും തന്‍റെ റോളിനെക്കുറിച്ച്‌ വ്യക്തതയും ലഭിച്ചതോടെ സഞ്ജു തന്‍റെ യഥാര്‍ത്ഥ മികവ് പുറത്തെടുക്കാന്‍ തുടങ്ങിയിരിക്കുന്നു.

അവന്‍ മികച്ച പ്രകടനം നടത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം, കഠിനകാരം പിന്നിട്ടാണ് അവന്‍ തന്‍റെതേയാ ഇടം സ്വന്തമാക്കിയിരിക്കുന്നത്. സെവാഗിനെപ്പോലെ ഒരു ഇംപാക്‌ട് പ്ലേയറാണ് സഞ്ജുവെന്ന് ഇനിയെങ്കിലും ആളുകള്‍ തിരിച്ചറിയണം. ഇത്തരം കളിക്കാര്‍ എല്ലാ കളികളിലും 70-80 റണ്‍സ് അടിക്കുമെന്ന് പ്രതീക്ഷിക്കരുത്. എന്നാല്‍ അവര്‍ റണ്ണടിക്കുന്ന മത്സരങ്ങളില്‍ ടീം തോല്‍ക്കില്ലെന്ന് ഉറപ്പാണെന്നും ബിജു ജോര്‍ജ് പറഞ്ഞു.