കാറില്‍ ‘വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ്’, ഡിക്കി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 40 കിലോ ചന്ദനം, 5 പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വാട്ടര്‍ അതോറിറ്റിയുടെ വ്യാജ ബോര്‍ഡ് വെച്ച്‌ ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമം. കാറിന്‍റെ ഡിക്കിയില്‍ നിന്നും നാല്‍പത് കിലോയോളം ചന്ദനത്തടികള്‍ വനം വകുപ്പ് പിടികൂടി.സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്ബ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും പരിശോധന നടത്തിയത്.

വാട്ടര്‍ അതോറിറ്റി വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന കാറിനുള്ളില്‍ ചന്ദനം കടത്തുന്നെന്നായിരുന്നു വിവരം. കാറിന്‍റെ ഡിക്കിയില്‍ നിന്നും നാല്‍പത് കിലോയോളം ചന്ദനമുട്ടികളാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഷാജുദ്ദീന്‍, നൗഫല്‍, മണി, ശ്യാമപ്രസാദ്, അനില്‍ എന്നിവരാണ് പിടിയിലായത്. വാഹനത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച്‌ ചന്ദനം കടത്താനായിരുന്നു ശ്രമം.

ഇതിനായി വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങളായി വാടകകയ്ക്ക് എടുത്ത് ഓടിക്കുന്ന വാഹനം സംഘടിപ്പിക്കുകയായിരുന്നു. പിടിയിലായവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുമായി ബന്ധമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വാഹനവും പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി. പ്രതികളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച്‌ കോഴിക്കോട് കല്ലാനോട് എന്ന സ്ഥലത്തുവെച്ച്‌ 25 കിലോയോളം ചന്ദനത്തടികളും മറ്റു രണ്ട് പ്രതികളും പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇരുചക്രവാഹനത്തിലായിരുന്നു ഇവര്‍ ചന്ദനം കടത്തിയത്. നടപടികള്‍ക്കുശേഷം പ്രതികളെ പൊലീസിന് കൈമാറും.