രഞ്ജി ട്രോഫി: ഹരിയാനക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച; അൻഷുല്‍ കാംബോജിന് 5 വിക്കറ്റ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ രണ്ടാം ദിനം കേരളത്തിന് മൂന്ന് വിക്കറ്റ് കൂടി അതിവേഗം നഷ്ടമായി.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 34 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്രീസിലുള്ളതാണ് കേരളത്തിന്‍റെ പ്രതീക്ഷ. അക്ഷയ് ചന്ദ്രന്‍റെയും ജലജ് സക്സേനയുടെയും സല്‍മാന്‍ നിസാറിന്‍റെയും വിക്കറ്റുകളാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്.

വെളിച്ചക്കുറവ് മൂലം ആദ്യ സെഷനിലെ കളി നഷ്ടമായപ്പോള്‍ അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റാണ് രണ്ടാം ദിനം കേരളത്തിന് ആദ്യം നഷ്ടമായത്. ഇന്നലത്തെ സ്കോറിനോട് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അക്ഷയ് ചന്ദ്രന്‍ 59 റണ്‍സെടുത്ത് അന്‍ഷുല്‍ കാംബോജിന്‍റെ പന്തില്‍ ബൗള്‍ഡായി. ടീം സ്കോര്‍ 150 കടന്നതിന് പിന്നാലെ നാല് റണ്‍സെടുത്ത ജലജ് സക്സേനയെ അന്‍ഷുല്‍ കാംബോജ് വിക്കറ്റിന് മുന്നില്‍ കുടുക്കി കേരളത്തിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. പിന്നാലെ സല്‍മാന്‍ നിസാറിനെ(0) പൂജ്യനായി മടക്കിയ അന്‍ഷുല്‍ കാംബോജ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. 19 ഓവറില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അന്‍ഷുല്‍ കാംബോജ് അഞ്ച് വിക്കറ്റെടുത്തത്.

55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്‍റെയും ബാബാ അപരാജിതിന്‍റെയും വിക്കറ്റുകള്‍ കേരളത്തിന് ആദ്യ ദിനം നഷ്ടമായിരുന്നു. കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതിനാല്‍ ആദ്യ സെഷനില്‍ മത്സരം പൂര്‍ണമായും തടസപ്പെട്ടിരുന്നു. രണ്ടാം ദിനം വെളിച്ചക്കുറവാണ് വില്ലനായത്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കെതിരെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ലക്ഷ്യമിടുന്ന കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ബാറ്റിലാണ് ഇനി പ്രതീക്ഷ.