‘വലിപ്പം കുറവാണേലെന്താ മൂര്‍ഖനാ…’, പെഡല്‍ ഫാൻ പിന്നാലെ കസേരക്കാലിലും ചുറ്റി പാമ്ബ്, ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: കിടപ്പുമുറിയില്‍ നിന്ന് അപരിചിത ശബ്ദം കേട്ട് പരിശോധിച്ച വീട്ടുകാർ കണ്ടെത്തിയത് മൂർഖൻ പാമ്ബിനെ.കാട്ടാക്കട എസ് എൻ നഗർ ദാമോദരൻ പിള്ളയുടെ ഇടുപടിക്കല്‍ വീട്ടില്‍ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് പാമ്ബിനെ കണ്ടെത്തിയത്. വീടിനുള്ളില്‍ കടന്ന പാമ്ബ് ശുചിമുറിയുടെ ഭാഗത്തേക്ക് ഇഴഞ്ഞ് നീങ്ങുന്നതാണ് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ വാതില്‍ പൂട്ടിയ ശേഷം വീട്ടുകാർ റാപിഡ് റെസ്പോണ്‍സ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു.

ആർആർടി സംഘം എത്തുമ്ബോഴേയ്ക്കും തിരികെ കിടപ്പുമുറിയിലെത്തിയ മൂർഖൻ പെഡല്‍ ഫാനില്‍ കയറികൂടുകയായിരുന്നു. വീട്ടിനുള്ളില്‍ എത്തി ആർആർടി അംഗം റോഷ്നി പരിശോധിക്കുമ്ബോള്‍ പത്തി വിടർത്തി ചീറ്റിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു മൂർഖൻ. പിടിക്കാൻ ശ്രമിച്ചതോടെ മുറിയിലുണ്ടായിരുന്ന കസേരയുടെ കാലിലും മേശയുടെ കാലിലുമെല്ലാം ചുറ്റിയ ചീറ്റി നിന്ന പാമ്ബിനെ ആർആർടി അംഗം റോഷ്നി പിടികൂടി സ്നേക്ക് റെസ്ക്യൂ ബാഗില്‍ ആക്കുകയായിരുന്നു.

ഇതിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങള്‍ ഇഴജന്തുക്കളുടെ പ്രജനന കാലമാണെന്നും അതിനാ തന്നെ ഇവ കൂടുതലായി അക്രമകാരികളായിരിക്കുമെന്നും വീടും പരിസരവും എപ്പോഴും ശ്രദ്ധ വേണമെന്നും റോഷ്നി പറയുന്നത്. ഇടവിട്ട് മഴയെത്തുന്നതിനാല്‍ വീടിന് പരിസരത്ത് ചെടികള്‍ പെട്ടന്ന് വളർന്ന് കാട് പടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവർ പറയുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കണമെന്നും ഇഴ ജന്തുക്കളെ കണ്ടാല്‍ ഉടൻ വനം വകുപ്പില്‍ അറിയിക്കണമെന്ന് ആർആർടി സംഘം ആവശ്യപ്പെട്ടു.