വന്ദേഭാരതില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികള്‍, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയില്‍വെ

ചെന്നൈ: വന്ദേഭാരത് ട്രെയിനില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികളെ കണ്ടെന്ന് പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ റെയില്‍വെ ഭക്ഷണ വിതരണക്കാരന് പിഴ ചുമത്തി.50,000 രൂപയാണ് പിഴ ചുമത്തിയത്.

തിരുനെല്‍വേലിയില്‍ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന വന്ദേഭാരതില്‍ വിളമ്ബിയ ഭക്ഷണത്തിലാണ് പ്രാണികളെ കണ്ടെത്തിയത്. മണിക്കം ടാഗോർ എംപി ഉള്‍പ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്ത് വന്ദേഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ വിമർശിച്ചു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷ്യസുരക്ഷയില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.

തുടർന്ന് റെയില്‍വെ മറുപടിയുമായി രംഗത്തെത്തി. ദിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ഭക്ഷണപ്പൊതി പരിശോധിച്ചു. പ്രാണികള്‍ സാമ്ബാറില്‍ അല്ല, സാമ്ബാറൊഴിച്ച അലുമിനിയം കണ്ടെയിനറിന്‍റെ അടപ്പിലാണ് കണ്ടതെന്ന് ഹെല്‍ത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് നല്‍കിയതായി റെയില്‍വെ വിശദീകരിച്ചു. വീഴ്ച വരുത്തിയതിന് ഭക്ഷണ വിതരണ ചുമതലയുണ്ടായിരുന്ന ബൃന്ദാവൻ ഫുഡ് പ്രൊഡക്‌ട്സിന് പ്രാഥമികമായി 50,000 രൂപ പിഴ ചുമത്തിയെന്ന് റെയില്‍വേ അറിയിച്ചു. ഫുഡ് സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടികളെടുക്കുമെന്നും റെയില്‍വെ വ്യക്തമാക്കി.

വേഗതയില്‍ മുൻപന്തിയിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെ കുറിച്ച്‌ പരാതി ഉയരുന്നത് ഇതാദ്യമല്ല. നേരത്തെ പാറ്റയെ കണ്ടെത്തിയതായി മറ്റൊരു യാത്രക്കാരൻ പരാതിപ്പെട്ടിരുന്നു.