വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാക്കള്‍ കുടുങ്ങി, പരിശോധനയില്‍ കണ്ടെത്തിയത് മൂന്ന് ലക്ഷം വിലവരുന്ന എംഡിഎംഎ

ആലപ്പുഴ: എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു യുവാവും അരൂർ പൊലീസിന്റെ പിടിയിലായി.കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡില്‍ കൊല്ലന്റെ കിഴക്കിയത് വീട്ടില്‍ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡില്‍ കൊല്ലുകളി കിഴക്കേതില്‍ ദർവീഷ് ജാഫർ സൈനുദ്ദീൻ (20). ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് 17-ാം വാര്‍ഡ് അരയക്കാട്ടു തറയില്‍ സോനു (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫ് ടീമും അരൂർ പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മോട്ടോർസൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ എരമല്ലൂർ പിളമുക്ക് ജംഗ്ഷന് സമീപം വച്ച്‌ പിടികൂടിയത്. ലഹരിമരുന്ന് ഇനത്തില്‍പ്പെട്ട എംഡിഎംഎ പ്രതികളില്‍ നിന്നും പിടികൂടി. മാർക്കറ്റില്‍ മൂന്നുലക്ഷം രൂപയോളം വില വരും എന്ന് പൊലീസ് അറിയിച്ചു.

അർഷാദ് ഇബ്നു നാസർ ബെംഗളൂരിലും മറ്റു സ്ഥലങ്ങളില്‍ നിന്നും എംഡിഎംഎ ശേഖരിച്ച്‌ കേരളത്തിലെ സ്വകാര്യ കോളജുകളിലും ഹോസ്റ്റലുകളിലും വില്‍പ്പന നടത്തുന്നതിനായി പെരുമ്ബാവുരുള്ള സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളേജില്‍ പഠിക്കുന്ന ദർവീഷിനെയും സോനുവിനെയും കൂടെ കൂട്ടുകയായിരുന്നു.

ബെംഗളൂരില്‍ നിന്നും എംഡിഎംഎ എടുത്തശേഷം ദർവീഷിനെയും സോനുവിനെയും മോട്ടോർസൈക്കിളില്‍ കയറ്റി എറണാകുളത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന വഴിയാണ് എരമല്ലൂര്‍ വെള്ളമുക്കിന് സമീപം വെച്ച്‌ പിടിയിലാകുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ചേർത്തല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.