2 ബോട്ടില്‍ 33 പേര്‍; കൊച്ചിയില്‍ നിന്ന് സിനിമാ ഷൂട്ടിങിന് ഉള്‍ക്കടലില്‍ പോയ ബോട്ടുകള്‍ക്ക് വൻ ‘പണി’; 10 ലക്ഷം അടയ്ക്കണം
കൊച്ചി: കൊച്ചി കടലിലെ അനധികൃത സിനിമ ഷൂട്ടിംഗില്‍ പിഴയിട്ട് ഫിഷറീസ് വകുപ്പ്. പെർമിറ്റില്ലാത്ത ബോട്ടില്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ പോയതിൻ്റെ പേരിലാണ് നടപടി.ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ അടക്കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. ഇതില്‍ പിഴയായി രണ്ട് ബോട്ടുകള്‍ 5 ലക്ഷം രൂപ അടക്കണമെന്നാണ് നിർദ്ദേശം. പെർമിറ്റ് പുതുക്കാനും അഞ്ച് ലക്ഷം നല്‍കണം.
ഇന്നലെ ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ വി കെ അബു, ബെനഡിക്‌ട് സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകള്‍ കോസ്റ്റല്‍ പോലീസ് പിടിച്ചെടുത്തത്. നാവികസേനയുടെ സീ വിജില്‍ പരിപാടിയുടെ ഭാഗമായുള്ള പരിപാടിയിലാണ് അനധികൃത ഷൂട്ടിംഗ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഫിഷറീസ് വിഭാഗങ്ങളും കോസ്റ്റല്‍ പൊലീസും സംഭവത്തില്‍ ഇടപെടുകയായിരുന്നു.
അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിംഗിന് നല്‍കുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഫിഷറീസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 33 അംഗ സിനിമ സംഘമാണ് പെർമിറ്റില്ലാത്ത ബോട്ടില്‍ യാതൊരു സുരക്ഷാക്രമീകരണവും ഇല്ലാതെ 5 നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ ഷൂട്ടിംഗിനായി പോയത്. പിഴയിടാൻ മാത്രമാണ് ഫിഷറീസ് നിയമത്തില്‍ സാധ്യത. ഇതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കെതിരെ കേസെടുക്കണോ എന്നത് വിശദമായ പരിശോധനകള്‍ക്ക് ശേഷം തീരുമാനിക്കാനാണ് കോസ്റ്റല്‍ പൊലീസ് തീരുമാനം.