‘ബുക്ക് ചെയ്യുന്നവരില്‍ 25% പേരും ശബരിമലയില്‍ എത്തുന്നില്ല’; ഓണ്‍ലൈൻ ബുക്കിങ് റദ്ദാക്കാൻ അറിയിപ്പ് നല്‍കണമെന്ന് കോടതി

കൊച്ചി: ശബരിമലയില്‍ ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ദർശനത്തിന് വരുന്നില്ലെങ്കില്‍ ബുക്കിംഗ് ക്യാൻസല്‍ ചെയ്യണമെന്നുള്ള നിര്‍ദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദശിച്ചു. ശബരിമലയില്‍ കാര്യങ്ങള്‍ പൂർണമായും നിയന്ത്രണവിധേയമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

77026 തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. നിലക്കല്‍ -പമ്ബാ റൂട്ടില്‍ 122 കെഎസ്‌ആർടിസി ചെയിൻ സർവീസ് ബസുകള്‍ സർവീസ് നടത്തി. സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പ്രായമായവർ, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുള്ളവർ എന്നിവരെ ദർശനം നടത്തുന്നതിന് സഹായിക്കാൻ സന്നിധാനത്ത് അനുഭവസമ്ബത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 30ന് പുതിയ ബാച്ച്‌ പൊലീസ് ഉദ്യോഗസ്ഥർ ചുമതല ഏല്‍ക്കുമ്ബോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.