എടിഎമ്മില്‍ നിന്ന് പണമെടുക്കാൻ സഹായ വാഗ്ദാനം, തിരിച്ച്‌ നല്‍കുക ഡമ്മി കാര്‍ഡ്, പിന്നാലെ പണം തട്ടും; പ്രതി പിടിയില്‍

കോയമ്ബത്തൂർ: വാല്‍പ്പാറയില്‍ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച്‌ പണം തട്ടുന്ന പ്രതി പിടിയില്‍. എടിഎം കാർഡ് ഉപയോഗിച്ച്‌ പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാള്‍ കബളിപ്പിപ്പിക്കുന്നത്.44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്.

എടിഎം വഴി പണം എടുക്കാനറിയാത്ത വൃദ്ധയെയാണ് നജീബ് കഴിഞ്ഞ ദിവസം കബളിപ്പിച്ചത്. കാശ് എടുക്കാൻ നജീബിനോട് സഹായം ചോദിച്ച വൃദ്ധയുടെ പിൻ നമ്ബർ മനസ്സിലാക്കിയ ശേഷം ഡമ്മി കാർഡ് നല്‍കി തിരിച്ചയാക്കുകയായിരുന്നു ഇയാള്‍. തിരികെ വീട്ടില്‍ എത്തിയ വൃദ്ധ 9000 രൂപ പിൻവലിച്ചതായി ഫോണില്‍ മെസ്സേജ് കണ്ടപ്പോഴാണ് ചതി പറ്റി എന്ന് മനസ്സിലാക്കിയത്. ഉടനെ തന്നെ പൊലീസില്‍ പരാതി നല്‍കി.

വാല്‍പ്പാറ ഡിഎസ്പി ശ്രീനിധിയുടെ നേതൃത്വത്തിലാണ് ആലപ്പുഴ സ്വദേശിയായ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്ന് 44 എടിഎം കാർഡുകള്‍ പിടിച്ചെടുത്തു. വാല്‍പ്പാറ തേയില തോട്ട തൊഴിലാളികള്‍ക്ക് ശമ്ബളം കിട്ടുന്ന ദിവസം ഇയാള്‍ വാല്‍പ്പാറയില്‍ എത്തും. പണം എടുക്കാൻ അറിയാത്തവർക്ക് പണം എടുത്തു കൊടുക്കുന്ന വ്യാജനെ എടിഎം കാർഡ് മാറ്റി ഡമ്മി കാർഡ് നല്‍കി കബളിപ്പിക്കും. എറണാകുളം പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.