ആളില്ലാത്ത സമയത്ത് കിടപ്പുമുറി കത്തി നശിച്ചു, സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മാവേലിക്കര: വീട്ടില്‍ ആളില്ലാതിരുന്ന സമയം കിടപ്പുമുറി കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.തീപിടിത്തം ഉണ്ടായ വീട്ടില്‍ നിന്നും സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന സംശയത്തെ തുടർന്ന് ഫോറൻസിക് സംഘം ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിന് മൊഴി നല്‍കിയിരുന്നു.

മാവേലിക്കര പോനകം ഹരിഹരം വീട്ടില്‍ ജയപ്രകാശിന്റെ ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിക്ക് വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് തീപിടിച്ചത്. ഈ സമയം ജയപ്രകാശും ഭാര്യ ഹേമലതയും മരുമകള്‍ ഗായത്രിയും പുറത്തുപോയിരിക്കുകയായിരുന്നു. മുൻ വാതിലിന്റെ താക്കോല്‍ സിറ്റൗട്ടില്‍ വെച്ചാണ് പോയതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഇവരെ വിവരമറിയിച്ചത്. വീട്ടുകാർ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. മാവേലിക്കരയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.

കിടപ്പുമുറിയിലെ അലമാരയും വസ്ത്രങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചു. കത്തിയ മുറിയിലെ അലമാരയില്‍ നിന്ന് ഹേമലതയുടെ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. മാവേലിക്കര ഇൻസ്പെക്ടർ സി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. വീടിന്റെ വാതില്‍ തകർത്ത് മോഷ്ടാവ് അകത്തുകടന്നതായി സൂചനയില്ലെന്നും മുകള്‍ നിലയിലെ മരുമകളുടെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വർണം സുരക്ഷിതമാണെന്നും പൊലീസ് പറഞ്ഞു.