കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമീഷണര്‍ പിടിയില്‍

കാക്കനാട് (കൊച്ചി): കൈക്കൂലി വാങ്ങുന്നതിനിടെ കാക്കനാട് കേന്ദ്ര റീജനല്‍ ലേബർ കമീഷണർ ഓഫിസിലെ അസി. ലേബർ കമീഷണറെ വിജിലൻസ് പിടികൂടി.ഗേറ്റ് പാസും മൈഗ്രന്‍റ് ലൈസൻസും അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉത്തർപ്രദേശ് സ്വദേശിയായ അജീത് കുമാർ (32) പിടിയിലായത്. സംഗീത എൻജിനീയറിങ് വർക്സ് എന്ന സ്ഥാപനത്തിന്‍റെ മാനേജർ വി.ആർ. രതീഷിന്‍റെ പരാതിയിലാണ് നടപടി.

ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലെ മെക്കാനിക്കല്‍ മെഷിനിങ്, ഇലക്‌ട്രിക്കല്‍ മെയിന്‍റനൻസ് എന്നിവയുടെ ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് കമ്ബനിക്കുള്ളില്‍ പ്രവേശനം അനുവദിക്കുന്ന എൻട്രി പാസിന് വേണ്ടിയുള്ള മൈഗ്രന്‍റ് ലൈസൻസിന് അജീത് കുമാർ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലൻസ് നല്‍കിയ 20,000 രൂപയുമായി കമ്ബനി പ്രതിനിധി വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കമീഷണർ ഓഫിസിലെത്തി.

അജീത് കുമാറിന്‍റെ ചേംബറിലെത്തി പണം കൈമാറിയ ഉടൻ പരിസരത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ മുറിയിലെത്തി ഓഫിസറെ കൈയോടെ പിടികൂടുകയായിരുന്നു. 20 പേരുടെ ഗേറ്റ് പാസിന് ഓരോരുത്തർക്കും 1000 രൂപ വീതം കണക്കാക്കിയാണ് 20,000 രൂപ ആവശ്യപ്പെട്ടത്.

അജീത് കുമാറിന്‍റെ കാക്കനാട് പടമുഗളിലെ വീട്ടില്‍ പരിശോധന നടത്തിയ വിജിലൻസ് സംഘം 2.17 ലക്ഷം രൂപയും 18 പവൻ സ്വർണവും കണ്ടെത്തി. കൈക്കൂലി വാങ്ങുന്നതായ വ്യാപക പരാതിയെത്തുടർന്ന് മാസങ്ങളായി അജീത് കുമാർ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

കാസർകോട് മുതല്‍ എറണാകുളം വരെ ഏഴ് ജില്ലയുടെ ചുമതലക്കാരനായ ഇയാള്‍ നാലുവർഷം മുമ്ബാണ് കാക്കനാട് ഓഫിസില്‍ സ്ഥലംമാറിയെത്തിയത്. വിജിലൻസ് മധ്യമേഖല സൂപ്രണ്ട് എസ്. ശശിധരന്‍റെ മേല്‍നോട്ടത്തില്‍ വിജിലൻസ് എറണാകുളം യൂനിറ്റ് ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.