ഒരു ഇലക്‌ട്രിക് കാര്‍ വാങ്ങാൻ തിരക്കുകൂട്ടരുത്! മാരുതിയുടെ ഇ-വിറ്റാര ജനുവരിയില്‍ പുറത്തിറങ്ങും

മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് കാറിനായി എല്ലാവരും കാത്തിരിക്കുകയാണ്. അടുത്ത വർഷം അതായത് 2025-ല്‍ ഇവിഎക്‌സിലൂടെ കമ്ബനി ഈ കാത്തിരിപ്പ് അവസാനിപ്പിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകള്‍.2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ കമ്ബനി അതിൻ്റെ ആദ്യത്തെ പ്രൊഡക്ഷൻ-സ്പെക്ക് ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിക്കും. ഈ പുതിയ ഓള്‍-ഇലക്‌ട്രിക് എസ്‌യുവിയുടെ പേര് ഇ-വിറ്റാര എന്നാണ്. നേരത്തെ ഇത് ഇവിഎക്‌സ് എന്നറിയപ്പെട്ടിരുന്നു. ഈ വർഷം ആദ്യമാണ് ഇവിഎക്സ് വിപണിയില്‍ അവതരിപ്പിച്ചത്.

മിലാനില്‍ നടന്ന EICMA 2024 ലാണ് പുതിയ സുസുക്കി ഇ-വിറ്റാര അനാവരണം ചെയ്തത്. ഡിസൈനിൻ്റെ അടിസ്ഥാനത്തില്‍, ഇ-വിറ്റാരയ്ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗ്, വീല്‍ ആർച്ചുകള്‍, വൈ ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, ബന്ധിപ്പിച്ച ടെയില്‍ലാമ്ബുകള്‍, കട്ടിയുള്ള പിൻ ബമ്ബർ തുടങ്ങിയവയുണ്ട്. ചാർജിംഗ് പോർട്ട് ഫ്രണ്ട് ലെഫ്റ്റ് ഫെൻഡറില്‍ സ്ഥാപിച്ചിരിക്കുന്നു. പിൻവശത്തെ ഡോർ ഹാൻഡിലുകള്‍ സി-പില്ലറിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മാരുതി ഇ-വിറ്റാര വരുന്നത്. ഇതില്‍ ഒരു 49kWh പാക്കും മറ്റൊന്ന് 61kWh പാക്കും ലഭിക്കും. ആദ്യത്തേത് 2WD കോണ്‍ഫിഗറേഷനില്‍ മാത്രമേ നല്‍കൂ. രണ്ടാമത്തേതിന് 2WD, 4WD എന്നീ രണ്ട് ഡ്രൈവ്ട്രെയിനുകള്‍ ലഭിക്കും.

ഇ- വിറ്റാരയുടെ ഇൻ്റീരിയറിനെക്കുറിച്ച്‌ പരിശോധിച്ചാല്‍, ഡ്യുവല്‍ ഡാഷ്‌ബോർഡ് സ്‌ക്രീനുകള്‍, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ് ഫംഗ്‌ഷനോടുകൂടിയ ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവല്‍ 2 ADAS സ്യൂട്ട് എന്നിവ ഇ-വിറ്റാരയുടെ സവിശേഷതകളാണ്.