Fincat

കടല്‍പാലം പരിസരം, പട്രോളിംഗ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച്‌ യുവാവ് ഓടി; പിന്നാലെയോടി പിടിച്ചു, എംഡിഎംഎ കണ്ടെത്തി

കണ്ണൂര്‍: തലശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കടല്‍ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാള്‍ പിടിയിലായത്.രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് സംഘത്തിന്‍റെ കണ്ണു വെട്ടിച്ച്‌ മയക്കുമരുന്നുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് പിന്തുടർന്നോടിയാണ് പിടികൂടിയത്.

തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് പി ഡി, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുധീർ വാഴവളപ്പില്‍, പ്രിവന്‍റീവ് ഓഫീസർമാരായ ലെനിൻ എഡ്‌വേർഡ്, ബൈജേഷ് കെ, സിവില്‍ എക്സൈസ് ഓഫീസർ സരിൻരാജ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതേസമയം, ആലപ്പുഴയില്‍ 2.4619 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. പുന്നപ്ര സ്വദേശിയായ ഫാറൂഖ് എ ജബ്ബാറാണ് (23) പിടിയിലായത്. ആലപ്പുഴ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പ്രശാന്ത് ആറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ ജി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഇ കെ അനില്‍, വിജയകുമാർ പി, സിവില്‍ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപികൃഷ്ണൻ, വിപിൻ വി ബി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ് എ ജെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

2nd paragraph