എച്ച്‌പിസിഎല്ലുമായി ചേര്‍ന്ന് ഇ വി ഫാസ്റ്റ് ചാര്‍ജറുകള്‍ തുടങ്ങാന്‍ കേരള എനര്‍ജി ടെക് സ്റ്റാ‌ര്‍ട്ടപ്പ് ചാര്‍ജ്മോഡ്

കൊച്ചി : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്‌പിസിഎല്‍) സഹകരിച്ച്‌ രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകളും ഒസിപിഐ റോമിംഗും വിന്യസിക്കാനൊരുങ്ങി ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) ചാർജിംഗ് സൊല്യൂഷനുകളുടെ മുൻനിര സേവന ദാതാക്കളായ കേരളം ആസ്ഥാനമായുള്ള എനർജി ടെക് സ്റ്റാർട്ടപ്പ് ചാർജ്മോഡ്.സ‌ർക്കാർ സംരംഭമായ എച്ച്‌പിസിഎല്ലുമായുള്ള യുവകമ്ബനിയായ ചാ‌ർജ്മോഡിന്റെ സഹകരണം ഇന്ത്യയുടെ ഇവി ചാ‌ർജിംഗ് ഇൻഫ്രാസ്ട്രക്ച‌ർ രംഗത്തെ മുന്നേറ്റത്തെ കുറിക്കുന്ന നാഴികക്കല്ലായി മാറും. സഹകരണത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്‌പിസിഎല്‍ ഇവി ചാർജിംഗ് സ്റ്റേഷനുകളും പരിധിയില്ലാതെ ഉപയോഗപ്പെടുത്താൻ ചാ‌ർജ്മോഡ് ആപ്പിലൂടെ സാധിക്കും.

ഒന്നിലധികം അക്കൗണ്ടുകളോ ആപ്പുകളോ ഇല്ലാതെ തന്നെ എച്ച്‌പിസിഎല്ലിന്റെ ചാ‌ർജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഉപയോഗിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും. ഓപ്പണ്‍ ചാർജ് പോയിന്റ് ഇന്റർഫേസ് (ഒസിപിഐ) സാങ്കേതികവിദ്യയിലൂടെ നെറ്റ്‌വർക്കുകളിലുടനീളം സുഗമമായ റോമിംഗും മെച്ചപ്പെട്ട സൗകര്യവും ഇത്‌ ഉറപ്പാക്കുന്നു.

അതോടൊപ്പം, അതിവേഗ ചാർജിംഗ് ഓപ്ഷനുകളുടെ ലഭ്യത കൂടുതല്‍ വിപുലീകരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട എച്ച്‌പിസിഎല്‍ ഔട്ട്ലെറ്റുകളില്‍ 100 ഫാസ്റ്റ്ചാ‌ർജറുകളും ചാ‌ർജ്മോഡ് വിന്യസിക്കും. ഈ ഫാസ്റ്റ് ചാ‌ർജറുകള്‍ ചാ‌ർജിംഗ് സമയം ഗണ്യമായി കുറയ്ക്കുകയും ഇലക്ടിക് വാഹനങ്ങളുടെ ഡ്രൈവിംഗ് കൂടുതല്‍ കാര്യക്ഷമവും പ്രായോഗികവുമാക്കുന്നു.

ഓപ്പണ്‍ ചാർജ് പോയിന്റ് ഇന്റർഫേസ് റോമിംഗിലൂടെയും ഫാസ്റ്റ് ചാ‌ർജറുകളുടെ വിന്യാസത്തിലൂടെയും ഇവി ചാ‌ർജിംഗ് വേഗമേറിയതും ഏവ‌ർക്കും ഉപയോക്തൃ സൗഹൃദവുമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചാർജ്മോഡ് സഹസ്ഥാപകനും സിഇഒയുമായ എം. രാമനുണ്ണി പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ പെട്രോളിയം റീട്ടെയിലിംഗ് കമ്ബനിയാണ് എച്ച്‌പിസിഎല്‍. ഉപഭോക്താക്കളുടെ ആശങ്ക കുറയ്ക്കുന്നതിനായി ഇന്ത്യയിലുടനീളം ഇവി ചാർജിംഗ് ഇക്കോ സിസ്റ്റം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് കമ്ബനി. ഇതിനോടകം ഇന്ത്യയിലുടനീളം നാലായിരത്തിലേറെ ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2025 മാർച്ചോടെ മെട്രോ നഗരങ്ങളിലും പ്രധാന ഹൈവേകളിലും 2100ലേറെ ഫാസ്റ്റ് ചാ‌ർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്.