മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞള്‍പ്പൊടി വിതറലും; അനാചാരങ്ങള്‍ നിരോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ വിതറുന്നതും അടക്കമുളള കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ബോർഡ് തീരുമാനം.ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനായി തീർത്ഥാടകർക്കിടയില്‍ പ്രചാരണം നടത്താനും ബോർഡ് തീരുമാനിച്ചു.
ശബരിമല സന്നിധാനത്തും മാളികപ്പുറത്തും പമ്ബയിലും ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങള്‍ കണ്ട് തുടങ്ങിയത് അടുത്തിടെയാണ്. അതില്‍ ഏറ്റവുമധികം അനാചാരങ്ങള്‍ കാണുന്നത് മാളികപ്പുറത്താണ്. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിലേക്ക് തുണികള്‍ എറിയുന്നതും മഞ്ഞളും കുങ്കുമവും ഭസ്മവും വാരിയെറിയുന്നതും ഓരോ വർഷവും കൂടിവരികയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി ദേവസ്വം ബഞ്ച് ഇത്തരം നടപടികളെ അതിരൂക്ഷമായി വിമർശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോർഡ് തന്ത്രിയുമായി ചർച്ച നടത്തി.
ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് ഇത്തരം പ്രവണതകള്‍ ആവർത്തിക്കുന്നത്. ഇവർക്ക് ബോധവത്കരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് , കർണാടക സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിനും ചീഫ് സെക്രട്ടറിമാർക്കും തിരുവതാംകൂർ ദേവസ്വം ബോർഡ് കത്തയച്ചു. അടുത്ത തീർത്ഥാടന കാലത്ത് വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുമ്ബോള്‍ തന്നെ ഇതിനെതിരെയുള്ള സന്ദേശം തീർത്ഥാടകർക്ക് ലഭ്യമാകുന്ന സംവിധാനം ഒരുക്കാനാണ് ബോർഡിന്‍റെ ശ്രമം.