ഫിൻജാല്‍ ചുഴലിക്കാറ്റിനിടെ എടിഎമ്മില്‍ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിനിടെ എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് ചെന്നൈയില്‍ ശനിയാഴ്ച എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. കനത്ത മഴയില്‍ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിയ ഇയാള്‍ തെന്നിവീണത് വൈദ്യുത കമ്ബിയിലായതോടെയാണ് അപകടമുണ്ടായത്. എടിഎമ്മിന് സമീപത്തെ വെള്ളക്കെട്ടില്‍ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വടക്കൻ ചെന്നൈയിലെ മുതിയാല്‍പേട്ടിലെ എടിഎമ്മിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പാരീസിലെ ഒരു കടയിലെ ജോലിക്കാരാനായിരുന്നു ചന്ദൻ. എടിഎമ്മിന് സമീപത്തുള്ള ഒരു ഡോർമിറ്ററിയില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ എടിഎമ്മില്‍ നിന്ന് പണമെടുക്കാൻ പോയ ഇയാള്‍ എടിഎമ്മിന്റെ പടിക്കല്‍ തെന്നി വീഴുകയും പിന്നാലെ സമീപത്തെ വൈദ്യുത പോസ്റ്റിലേക്കാണ് വീണത്. പോസ്റ്റില്‍ നിന്നുണ്ടായ വൈദ്യുതി പ്രവാഹത്തിലാണ് ഇയാള്‍ മരിച്ചതെന്നാണ് പൊലീസ് ദി ന്യൂ ഇന്ത്യൻ എക്സപ്രസിനോട് വിശദമാക്കിയത്.
വൈദ്യുതാഘാതമേറ്റ് തെറിച്ച് ഇയാള്‍ വഴിയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഈ ഭാഗത്ത് പേമാരിയില്‍ വെള്ളം കെട്ടിയതോടെ മൃതദേഹം വെള്ളക്കെട്ടിലാവുകയായിരുന്നു. മുതിയാല്‍പേട്ടിലെ സർക്കാർ ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ മുതിയാല്‍പേട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.