അസംബ്ലിയില്‍ സുഹൃത്തിന്‍റെ അച്ഛന്‍റെ ദുരിതം കേട്ട് കണ്ണ് നിറ‌ഞ്ഞു, ഫാത്തിമ ഊരിനല്‍കിയത് സ്വര്‍ണ്ണക്കമ്മല്‍

തൃശ്ശൂർ: സുഹൃത്തിന്‍റെ അച്ഛന്‍റെ ചികിത്സയ്ക്കായി സ്വർണക്കമ്മല്‍ ഊരി നല്‍കി മാതൃകയായി കൊടുങ്ങല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഫാത്തിമ സാറ.ഒൻപതാം ക്ലാസുകാരിയുടെ നന്മയ്ക്ക് നൂറു മാർക്കാണ് നാട് നല്‍കുന്നത്. അച്ഛന്‍റെ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച സുഹൃത്തിന് സ്വന്തം കമ്മല്‍ ഊരി നല്‍കിയാണ് ഫാത്തിമ സാറ സഹായിച്ചത്. കരള്‍ രോഗം ബാധിച്ച എടവിള സ്വദേശി രാജുവിന്‍റെ ചികിത്സയ്ക്കാണ് ഫാത്തിമ സ്വന്തം കമ്മല്‍ ഊരി നല്‍കിയത്. രാജുവിന്‍റെ മകള്‍ പഠിക്കുന്ന കെകെടിഎം ഗവണ്‍മെന്‍റ് ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ആണ് ഫാത്തിമയും പഠിക്കുന്നത്.

ചികിത്സ സഹായം സംബന്ധിച്ച കാര്യം സ്കൂള്‍ അധികൃതര്‍ അസംബ്ലിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. സുഹൃത്തിന്‍റെ ദുഃഖം കണ്ടിട്ടാണ് ഫാത്തിമ മാതാപിതാക്കളുടെ അനുവാദത്തോടെ സ്വർണ്ണ കമ്മല്‍ നല്‍കിയത്. കൂട്ടുകാരിയുടെ സങ്കടം കണ്ടാണ് തനിക്ക് ചെയ്യാൻ പറ്റുന്ന സഹായം നല്‍കിയതെന്ന് ഫാത്തിമ പറഞ്ഞു. തനിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. വാപ്പച്ചിക്ക് അസുഖം വന്നപ്പോള്‍ പലരും സഹായിച്ചിരുന്നു.

തന്‍റെ കയ്യിലുണ്ടായിരുന്നത് കമ്മല്‍ മാത്രമായിരുന്നു. അതിനാലാണ് അത് നല്‍കാൻ തീരുമാനിച്ചതെന്നും ഫാത്തിമ പറഞ്ഞു. സ്കൂള്‍ അസംബ്ലിയിലാണ് ഫാത്തിമ പ്രധാന അധ്യാപിക ഷൈനി ആന്റോയ്ക്ക് കമ്മല്‍ കൈമാറിയത്. ഫാത്തിമയുടെ നല്ല മനസ്സിനെ ചേർത്തു പിടിക്കുകയാണ് അധ്യാപകരും സുഹൃത്തുക്കളും വീട്ടുകാരും.