ടിക്കറ്റ് കിട്ടാത്തതിനാല്‍ ഉമ്മയെ അവസാനമായി കാണാനായില്ല; ഉള്ളുലഞ്ഞ് മടക്കം, ഒടുവില്‍ ഉമ്മക്ക് അരികിലേക്ക് ഇര്‍ഷാദും

അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്.പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്‍റെ വേര്‍പാട്.

ബുധനാഴ്ച അബുദാബിയില്‍ മുഹമ്മദ് ഇര്‍ഷാദും പിതാവ് അബ്ദുല്‍ ഖാദറും കൂടി നടത്തിയിരുന്ന പലചരക്ക് കടയില്‍ കുഴഞ്ഞുവീണാണ് ഇദ്ദേഹം മരിച്ചത്. ഭാര്യയും രണ്ട് കുട്ടികളും പിതാവും നാല് സഹോദരങ്ങളുമാണ് ഇദ്ദേഹത്തിനുള്ളത്. പ്രത്യേകിച്ച്‌ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇര്‍ഷാദിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ വേദനയിലാണ് കുടുംബം. നവംബര്‍ ഏഴിനാണ് ഇര്‍ഷാദിന്‍റെ ഉമ്മ മരണപ്പെട്ടത്. ഇതിന്‍റെ അഗാധമായ വേദനയും മാനസിക പ്രയാസങ്ങളും മൂലം ഇര്‍ഷാദ് ഏറെ അസ്വസ്ഥനായിരുന്നെന്ന് ബന്ധുവായ ബദറുദ്ദീന്‍ ചിത്താരി പറഞ്ഞു.

ഉമ്മ മൈമൂനയോട് ഇര്‍ഷാദിന് വളരെയധികം അടുപ്പമുണ്ടായിരുന്നു. അമ്ബതുകളിലായിരുന്നെങ്കിലും ഉമ്മ പക്ഷാഘാതത്തിന് ചികിത്സക്ക് വിധേയയായിരുന്നു. രണ്ട് വര്‍ഷത്തോളം അര്‍ബുദത്തിനും ചികിത്സിച്ചിരുന്നു. ഉമ്മയുടെ മരണം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ വൈകിയതിനാല്‍ ഉമ്മയെ അവസാനമായി കാണാന്‍ ഇര്‍ഷാദിന് സാധിച്ചില്ല. ഉമ്മയുടെ മരണസമയത്ത് ഇര്‍ഷാദിന്‍റെ പിതാവ് നാട്ടിലുണ്ടായിരുന്നു. ഇര്‍ഷാദിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി അവിടെ നിന്ന് അഞ്ച് മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്താണ് കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയത്.

മതപരമായ വിശ്വാസപ്രകാരം സൂര്യാസ്തമയത്തിന് മുമ്ബ് സംസ്കാര ചടങ്ങുകള്‍ നടത്തേണ്ടതിനാല്‍ താനെത്താന്‍ കാത്തിരിക്കേണ്ടെന്ന് ഇര്‍ഷാദ് വീട്ടുകാരെ അറിയിക്കുകയും ഇതനുസരിച്ച്‌ മൈമൂനയുടെ സംസ്കാരം നടത്തുകയുമായിരുന്നു. വീട്ടിലെത്തിയ ഇര്‍ഷാദ് ഉമ്മയെ ഖബറടക്കിയ സ്ഥലത്തെത്തിയ ശേഷം തിരികെ വന്നപ്പോള്‍ തനിക്കും ഉമ്മയ്ക്ക് അടുത്തായി അന്ത്യവിശ്രമ സ്ഥലം വേണമെന്ന രീതിയില്‍ ചിലരോട് സംസാരിച്ചെങ്കിലും ഇത്ര പെട്ടെന്ന് മരണം ഇര്‍ഷാദിനെ കവര്‍ന്നെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവംബര്‍ 17നാണ് ഇര്‍ഷാദ് തിരികെ അബുദാബിയിലെത്തിയത്. അവിടെ എത്തിയിട്ടും എപ്പോഴും ഉമ്മയെ കുറിച്ച്‌ സംസാരിക്കാറുണ്ടായിരുന്ന ഇര്‍ഷാദ് തനിക്ക് ഉമ്മയോട് ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറയുമായിരുന്നു.

മരണം സംഭവിച്ച ദിവസവും പതിവ് പോലെ ദിനചര്യകള്‍ നടത്തി അബുദാബിയിസെ ടൂറിസ്റ്റ് ക്ലബ്ബ് ഏരിയയിലുള്ള തന്‍റെ കടയിലെത്തിയതാണ് ഇദ്ദേഹം. പള്ളിയില്‍ പോയ ശേഷം ഉച്ചയ്ക്കാണ് ഇര്‍ഷാദ് കടയിലെത്തിയത്. കടയില്‍ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. പാരമെഡിക്കല്‍ സംഘവും ആംബുലന്‍സുമെത്തി ഇര്‍ഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.