ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍ ഉറപ്പ്, പ്രവചനവുമായി സുനില്‍ ഗവാസ്കര്‍

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍ പ്രവചിച്ച്‌ മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍.വെള്ളിയാഴ്ച മുതലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്. പരമ്ബരയിലെ ഏക ഡെ നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിക്കു മൂലം ആദ്യ ടെസ്റ്റ് നഷ്ടമായ ശുഭ്മാന്‍ ഗില്ലും എന്തായാലും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്ന് ഫോക്സ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ പറഞ്ഞു. രണ്ട് മാറ്റങ്ങള്‍ എന്തായാലും ഉറപ്പാണ്. രോഹിത്തും ഗില്ലും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. ഇരുവരും വരുമ്ബോള്‍ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറെലുമാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്ത് പോകുക. ആദ്യ ടെസ്റ്റില്‍ പടിക്കലിനും ജുറെലിനും തിളങ്ങാനായിരുന്നില്ല.

പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായിരുന്ന രാഹുലിന് പകരം രോഹിത് ആവും അഡ്ലെയ്ഡില്‍ ഓപ്പണറായി ഇറങ്ങുക. ദേവ്ദത്ത് പടിക്കലിന് പകരം ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്ബറിലുമെത്തും. ഇരുവരും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്ബള്‍ പെര്‍ത്തില്‍ ഓപ്പണറായി തിളങ്ങിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് നിരയില്‍ താഴേക്കിറങ്ങും. ആറാമതായിട്ടാവും രാഹുല്‍ അഡ്‌ലെയ്ഡില്‍ ബാറ്റിംഗിന് ഇറങ്ങുക.

ഈ രണ്ട് മാറ്റങ്ങളല്ലാതെ മൂന്നാമതൊരു മാറ്റം കൂടി അഡ്‌ലെയ്ഡ് ടെസ്റ്റിനുളള ഇന്ത്യൻ ടീമില്‍ പ്രതീക്ഷിക്കാം. അത് ബൗളിംഗ് നിരയിലായിരിക്കും. സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സ് വിജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്ബരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്.