വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം; പമ്ബയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി
പത്തനംതിട്ട: പമ്ബയില്‍ സ്ത്രീകള്‍ക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം. വനിതകള്‍ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.പമ്ബ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.
ആയിരം സ്ക്വയർ ഫീറ്റില്‍ 50 സ്ത്രീകള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ഫെസിലിറ്റേഷൻ സെൻററില്‍ റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നു. വനിതകള്‍ക്കായി പമ്ബയില്‍ ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനാണ് ഫെസിലിറ്റേഷൻ സെൻറർ യാഥാർത്ഥ്യമായതോടെ പരിഹാരമാവുന്നത്. തീർത്ഥാടകർക്ക് ഒപ്പം പമ്ബയില്‍ എത്തുന്ന യുവതികള്‍ക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തനക്ഷമായതോടെ സാധിക്കും.
സന്നിധാനത്ത് ചോറൂണിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പമ്ബയില്‍ തങ്ങേണ്ടി വരുമ്ബോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും. ഉദ്ഘാടന ചടങ്ങില്‍ പമ്ബ സ്പെഷ്യല്‍ ഓഫീസർ ജയശങ്കർ ഐ.പി.എസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ രാജേഷ് മോഹൻ, ശ്യാമപ്രസാദ്, പമ്ബ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിബു. വി, അസിസ്റ്റൻറ് എൻജിനീയർ അരുണ്‍ തുടങ്ങിയവർ പങ്കെടുത്തു.