‘ഞങ്ങള്‍ക്ക് ജീവിക്കണ്ടേ സാറേ, പൊടിതിന്ന് രോഗം വന്നു, ഉറക്കം പോയി’; നാട്ടുകാര്‍ക്ക് തലവേദനയായി സ്ഥാപനം, പ്രക്ഷോഭം

തിരുവനന്തപുരം: പാറപ്പൊടി ഉള്‍പ്പടെയ കെട്ടിട നിർമ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനം മലയിൻകീഴ് ജനജീവിതത്തെ ബാധിക്കുന്നതായി പരാതി.പൊടിയും ശബ്ദ മലിനീകരണവും കാരണം പൊറുതി മുട്ടിയ പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പാപ്പനംകോട്- മലയിൻകീഴ് റോഡില്‍ വിളവൂർക്കല്‍ നാലാംകല്ല് ജംക്‌ഷനില്‍ ആണ് ക്വാറിക്ക് സമാനമായ രീതിയില്‍ കെട്ടിട നിർമ്മാണത്തിനും മറ്റു ആവശ്യങ്ങളും ഉള്ള പാറ പൊടി ചല്ലി ഉള്‍പ്പെടെ വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നത്. പരാതികള്‍ പറഞ്ഞു മടുത്തത്തോടെ സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തി.

ലോഡുകണക്കിനു ഇറക്കുന്ന പാറപ്പൊടി, എംസാൻഡ്, വിവിധ അളവില്‍ ചല്ലി, സിമന്റും ക്ലേയും മിക്സ് ചെയ്ത മെറ്റല്‍ എന്നിവയാണ് ഇവിടെ കച്ചവടം നടത്തുന്നത്. തമിഴ്നാട്ടിലെ ക്വാറികളില്‍ നിന്നും ടോറസ് ലോറികളില്‍ ദിവസവും രാത്രി 12 മണിയോടെയാണ് ഇവിടെ എത്തിക്കുന്നത്. രാത്രിയും പ്രവൃത്തി ഉള്ളതിനാല്‍ ഈ സമയങ്ങളിലെല്ലാം സ്ഥാപനത്തില്‍ നിന്ന് പാറയുടെ തരികള്‍ അടങ്ങിയ പൊടി ഉയരും. രൂക്ഷമായ പൊടി ശല്യം കാരണം സമീപത്തെ വീടുകളിലുള്ളവർക്ക് ശ്വാസംമുട്ടല്‍, ത്വക്ക് രോഗം എന്നിവ ബാധിക്കുന്നതായി പ്രതിഷേധക്കാർ പറയുന്നു.

രാത്രി മുതല്‍ ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുടെയും ടിപ്പറുകളുടെയും വലിയ ശബ്ദമാണ്. ഇതു കാരണം രാത്രി രോഗികളും ഗർഭിണികളും കിടപ്പുരോഗികളും ഉള്‍പ്പെടെ പ്രദേശവാസികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത സാഹചര്യം ആണ്. പൊടി, ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കാനുള്ള ഒരു സംവിധാനവും ഈ സ്ഥാപനത്തില്‍ ഇല്ല. അമിത ലോഡുമായി ഈ സ്ഥാപനത്തിലേക്കു വരുകയും പോകുകയും ചെയ്യുന്ന ടിപ്പറുകളുടെ സഞ്ചാരം കാരണം സ്ഥാപനത്തിനു മുന്നിലെ റോഡ് പൂർണമായും തകർന്ന അവസ്ഥയാണ്. മാസങ്ങള്‍ക്കു മുൻപാണ് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ ചെലവഴിച്ച്‌ റോഡ് നവീകരിച്ചത്. സ്ഥാപനത്തിനു മുന്നിലെ റോഡില്‍ ചെറിയ മെറ്റലും പാറപ്പൊടിയും വീണു കിടക്കുന്നത് വാഹനങ്ങള്‍ തെന്നി വീണു അപകടത്തില്‍ പെടുന്നതിനും കാരണമാകുന്നുണ്ട്.

വാർഡംഗം ആർ.അനിലാദേവി, മുൻ വാർഡംഗം രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രദേശവാസികള്‍ സ്ഥാപന ഉടമയുമായി ചർച്ച നടത്തി. ജനുവരി അവസാനത്തോടെ സ്ഥാപനം പൂട്ടുമെന്ന് ഉടമ പറയുന്നുണ്ടെങ്കിലും ഇതിന് ഉറപ്പില്ല എന്ന സ്ഥിതിയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥാപനം മുന്നോട്ടു കൊണ്ടു പോകുന്നതിനു അനധികൃതമായി രേഖകള്‍ സംഘടിപ്പിക്കാനുള്ള ഉടമയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിച്ചു. ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്ന സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇരുന്നൂറോളം പേർ ഒപ്പിട്ട പരാതി വിളവൂർക്കല്‍ പഞ്ചായത്തില്‍ നല്‍കിയിരിക്കുകയാണ്.