അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മൻ; റിയാദ് മെട്രോ യാത്രക്കാരെ സഹായിക്കാൻ ബഹുഭാഷ ഗൈഡുകള്‍

റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാൻ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഗൈഡുകള്‍. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളില്‍ സേവനം നല്‍കാനും സൗദി ജീവനക്കാരാണ് ഗൈഡുകളായി സജ്ജരായിട്ടുള്ളത്.അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകള്‍ക്ക് പുറമെ ആംഗ്യഭാഷയിലും മാർഗനിർദേശം നല്‍കാനും ആശയവിനിമയം നടത്താനും കഴിവുള്ളവരാണ് ഗൈഡുകളായി നിയമിതരായിട്ടുള്ളത്. റിയാദ് സിറ്റി റോയല്‍ കമീഷനാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ ഗൈഡുകള്‍ കൃത്യമായ ഉത്തരം നല്‍കും. സ്റ്റേഷന് സമീപത്തെ പിക്നിക് പോയിൻറുകളെയും കോഫി ഷോപ്പുകളെയും ബസ് റൂട്ടുകളെയും കുറിച്ചെല്ലാം ആവശ്യമായ വിവരങ്ങള്‍ ഇവർ നല്‍കും. ഔദ്യോഗിക ഗ്രീൻ യൂനിഫോമിലാണ് ഇവരുണ്ടാവുക.