കടലില്‍ അലിഞ്ഞ് ചേരും, മണ്ണിന് വളമാകും; പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുമായി ജാപ്പനീസ് ഗവേഷകര്‍
പതിറ്റാണ്ടുകളായി പരിസ്ഥിതിയെ ഭയാനകമായ രീതിയില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മാലിന്യം.സമുദ്ര ജീവികള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയർത്തുന്നത്. എന്നാല്‍, ഇതിനൊരു ശാശ്വത പരിഹാരവുമായി ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ രംഗത്തെത്തി. പരിസ്ഥിതിക്ക് ഭീഷണി അല്ലാത്തതും കടല്‍ ജലത്തില്‍ വളരെ വേഗത്തില്‍ അലിഞ്ഞില്ലാതായി തീരുന്നതുമായ പ്ലാസ്റ്റിക് തങ്ങള്‍ കണ്ടെത്തിയെന്നാണ് ഇവരുടെ അവകാശവാദം.
ജപ്പാനിലെ റൈക്കൻ (RIKEN) സെന്‍റർ ഫോർ എമർജന്‍റ് മാറ്റർ സയൻസിലെ (Centre for Emergent Matter Science) ഗവേഷകരാണ് സമുദ്രജലത്തില്‍ ലയിക്കുന്ന വിപ്ലവകരമായ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് രൂപകല്‍പ്പന ചെയ്തത്. ഇത് വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും പാക്കേജ് ചെയ്യാൻ അനുയോജ്യമാണെന്നാണ് ഗവേഷകർ അവകാശപ്പെട്ടു. കൂടാതെ വിഷരഹിത ഘടകങ്ങള്‍ ഇതിന്‍റെ നിർമ്മാണത്തില്‍ ഉള്‍പ്പെടുന്നത് കൊണ്ടുതന്നെ ഗുണമേന്മയുടെ കാര്യത്തിലും ഈ പ്ലാസ്റ്റിക് ഏറെ മുൻപന്തിയിലാണ്. ഭക്ഷ്യവസ്തുക്കളും ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ധൈര്യമായി പാക്ക് ചെയ്യാമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു
പരമ്ബരാഗത പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇവ കാലാകാലങ്ങളോളം പൂർണ്ണമായി നശിക്കാതെ ഭൂമിയില്‍ കിടക്കുമെന്നതാണ്. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ പ്ലാസ്റ്റിക്കിന് പെട്ടെന്ന് നശിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പരമ്ബരാഗത പ്ലാസ്റ്റിക്കുകള്‍ പ്രകൃതിക്ക് ഉണ്ടാക്കുന്ന ഭീഷണി മനുഷ്യന് സങ്കല്‍പ്പിക്കാൻ സാധിക്കുന്നതിലും അപ്പുറമാണെന്നും എന്നാല്‍, പുതിയ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ഇതില്‍ നിന്നും വ്യത്യസ്തമായി മണിക്കൂറുകള്‍ക്കുള്ളില്‍ സമുദ്രജലത്തില്‍ ലയിക്കുകയും ദീർഘകാല പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു.
സമുദ്രജലത്തില്‍ മണിക്കൂറുകള്‍ കൊണ്ട് ലയിച്ച ഇല്ലാതായിത്തീരുന്ന ഈ പ്ലാസ്റ്റിക് മണ്ണിലാണെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നശിക്കുമെന്നും അതിന്‍റെ വിഘടന പ്രക്രിയയില്‍ മണ്ണിന്‍റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ഗവേഷകർ അവകാശപ്പെട്ടു. പ്ലാസ്റ്റിക് വിഘടിക്കുമ്ബോള്‍, അത് ജൈവവസ്തുക്കളായി മാറുന്നു. അത് മണ്ണിനെ അവശ്യ പോഷകങ്ങളാല്‍ സമ്ബുഷ്ടമാക്കുകയും മണ്ണിലെ കാർബണ്‍ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈ ബയോഡിഗ്രേഡബിള്‍ പ്ലാസ്റ്റിക്കിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനമായി ഗവേഷകർ അവകാശപ്പെടുന്നത് അത് വിഘടിക്കുമ്ബോള്‍ കാർബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ല എന്നതാണ്.