ബ്രിസ്ബേനിലും മാറ്റമുണ്ടാകില്ല, രോഹിത് മധ്യനിരയില്‍ തന്നെ; നിര്‍ണായക സൂചനയുമായി ഇന്ത്യയുടെ പരിശീലന സെഷൻ

ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് 14ന് ബ്രിസ്ബേനിലെ ഗാബയില്‍ തുടക്കമാകാനിരിക്കെ രോഹിത് ശര്‍മ വീണ്ടും ഓപ്പണറായി തിരിച്ചെത്തുമോ എന്നാണ് ഇന്ത്യൻ ആരാധകര്‍ ഉറ്റുനോക്കുന്നത്.പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ കെ എല്‍ രാഹുല്‍ തിളങ്ങിയതോടെയാണ് രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തിയിട്ടും ഓപ്പണറായി രാഹുല്‍ തുടര്‍ന്നത്. രണ്ടാം ടെസ്റ്റില്‍ മധ്യനിരയിലാണ് രോഹിത് കളിച്ചത്.

രോഹിത്തും രാഹുലും അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയതോടെ ബ്രിസ്ബേന്‍ ടെസ്റ്റില്‍ രോഹിത് വീണ്ടും ഓപ്പണറായി തിരിച്ചത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. എന്നാല്‍ ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനിലെ വീഡിയോ പങ്കുവെച്ച്‌ സ്റ്റാര്‍ സ്പോര്‍ട്സ് പ്രവചിക്കുന്നത് ഗാബയിലും രോഹിത് മധ്യനിരയില്‍ തുടരുമെന്നാണ്. അഡ്‌ലെയ്ഡില്‍ തുടരുന്ന ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്നലെയും ഇന്നുമായി കഠിന നെറ്റ്സില്‍ കഠിന പരിശീലനത്തിനായിരുന്നു.

ആദ്യ രണ്ട് ടെസ്റ്റുകളിലെ ബാറ്റിംഗ് ഓര്‍ഡറിന് സമാനമായ രീതിയിലാണ് നെറ്റ്സിലും താരങ്ങള്‍ പരിശീലനത്തിനിറങ്ങിയത്. രാഹുലും ജയ്സ്വാളും ആദ്യം ബാറ്റിംഗ് പരിശീലനം നടത്തിയപ്പോള്‍ പിന്നാലെ ഗില്ലും കോലിയും എത്തി. അതിനുശേഷമാണ് റിഷഭ് പന്തും രോഹിത് ശര്‍മയും ബാറ്റിംഗിനിറങ്ങിയത്. ബാറ്റിംഗ് പരിശീലനത്തിനിടെ ബൗണ്‍സര്‍ റിഷഭ് പന്തിന്‍റെ ഹെല്‍മറ്റിലിടിച്ചത് ആശങ്ക ഉണ്ടാക്കിയെങ്കിലും അല്‍പനേരത്തെ വിശ്രമത്തിനുശേഷം പന്ത് ബാറ്റിംഗ് തുടര്‍ന്നത് ആശ്വാസമായി.

സമീപത്തുള്ള നെറ്റ്സില്‍ ബാറ്റിം പരിശീലനം നടത്തുകയായിരുന്ന വിരാട് കോലിയും കെ എല്‍ രാഹുലും പരിശീലനം നിര്‍ത്തി പന്തിന് അടുത്തെത്തിയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമായതോടെ തിരിച്ചുപോയി പരിശീലനം തുടര്‍ന്നു. വിരാട് കോലി പ്രധാനമായും ബാക്ക് ഫൂട്ടിലാണ് കൂടുതല്‍ സമയം പരിശീലനം നടത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലും ഫ്രണ്ട് ഫൂട്ടില്‍ ഡ്രൈവിന് ശ്രമിച്ച്‌ കോലി പുറത്തായത് വിമര്‍ശനത്തിന് കാരണമായിരുന്നു. അഞ്ച് മത്സര പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ജയിച്ച ഓസ്ട്രേലിയ പരമ്ബരയില്‍ ഒപ്പമെത്തിയിരുന്നു.