വാശിയോടെ മുഹമ്മദ് ഷമി, ലക്ഷ്യം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കുക; വീണ്ടും ബംഗാള്‍ ടീമില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല.അദ്ദേഹത്തെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നുള്ള വാര്‍ത്തകള്‍ ഒരു വശത്തുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹം ബംഗാളിന് വേണ്ടി കളിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ ഷമി പരാജയപ്പെടുത്തുകയായിരുന്നു. അഞ്ച് ദിവസം നീളുന്ന ടെസ്റ്റുകള്‍ കളിക്കാന്‍ ആവശ്യമായ ആരോഗ്യം ഷമി വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ ബംഗാളിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാനൊരുങ്ങുകയാണ് ഷമി. ഡിസംബര്‍ 21 മുതല്‍ ആരംഭിക്കുന്ന ഏകദിന ടൂര്‍ണമെന്റില്‍ ഷമി കളിക്കും. മറ്റൊരു ഇന്ത്യന്‍ പേസര്‍ മുകേഷ് കുമാറും ടീമിലുണ്ട്. സുദീപ് കുമാര്‍ ഘരാമി ടീമിനെ നയിക്കും. സയ്യിദ് മുഷ്താഖ് അലിക്ക് മുമ്ബ് രഞ്ജി ട്രോഫിയിലും ഷമി കളിച്ചിരുന്നു. പിന്നീടാണ് ദേശീയ സെലക്ടര്‍മാരുടെയും ബിസിസിഐ സ്പോര്‍ട്സ് സയന്‍സ് വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍, അദ്ദേഹം തുടര്‍ച്ചയായി ഒമ്ബത് ടി20 മത്സരങ്ങള്‍ കളിച്ചത്.
അഡ്ലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് ശേഷം രോഹിത്, ഷമിയെ കുറിച്ച് സംസാരിച്ചിരുന്നു. ഷമിക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ എന്‍സിഎ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമെ ടീമിനൊപ്പം ചേര്‍ക്കൂവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. ധൃതി പിടിച്ച് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും രോഹിത് കൂട്ടിചേര്‍ത്തു.
ഇന്ത്യന്‍ നായകന്റെ വാക്കുകള്‍…”ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാരണം സയ്യിദ് മുഷ്താഖ് അലിയെ കളിക്കുമ്ബോള്‍, ഷമിയുടെ കാല്‍മുട്ടില്‍ നേരിയ നീര്‍കെട്ടുണ്ടായി. ഇത്തരം കാര്യങ്ങള്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.” അഡ്‌ലെയ്ഡില്‍ തോല്‍വിക്ക് ശേഷം രോഹിത് പറഞ്ഞു.
ബംഗാള്‍ ടീം: സുദീപ് കുമാര്‍ ഘരാമി (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, അനുസ്തുപ് മജുംദാര്‍, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), സുദീപ് ചാറ്റര്‍ജി, കരണ്‍ ലാല്‍, ഷാക്കിര്‍ ഹബീബ് ഗാന്ധി (വിക്കറ്റ് കീപ്പര്‍), സുമന്ത ഗുപ്ത, ശുഭം ചാറ്റര്‍ജി, രഞ്‌ജോത് സിംഗ് ഖൈറ, പ്രദീപ്ത പ്രമാണിക്. മെയ്തി, വികാസ് സിംഗ്, മുകേഷ് കുമാര്‍, സാക്ഷം ചൗധരി, രോഹിത് കുമാര്‍, എംഡി കൈഫ്, സൂരജ് സിന്ധു ജയ്സ്വാള്‍, സയന്‍ ഘോഷ്, കനിഷ്‌ക് സേത്ത്.