ഹെഡിനെ പൂട്ടാന്‍ വഴിയറിയില്ല, രോഹിത്തിന്‍റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമ‌ശനവുമായി മുന്‍ താരങ്ങളും ആരാധകരും

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായതിന് കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളെന്ന് വിമര്‍ശനം.അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ട്രാവിസ് ഹെഡിനെ വീഴ്ത്താന്‍ വഴിയറിയാതെ രോഹിത് നടത്തിയ നീക്കങ്ങളാണ് മുന്‍ താരങ്ങളെയും ആരാധകരെയും ഒരുപോലെ ചൊടിപ്പിച്ചത്.

വിരാട് കോലി ഏഴ് വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത ടീമിന്‍റെ പകിട്ടിലാണ് രോഹിത് ക്യാപ്റ്റനായിരിക്കുന്നതെന്നും ഇത് നാണക്കേടാണെന്നും മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ കമന്‍ററിയില്‍ വിമര്‍ശിച്ചു. ട്രാവിസ് ഹെഡിനെപ്പോലെയൊരു കളിക്കാരനെ പുറത്താക്കാന്‍ ഒരു തന്ത്രവുമില്ലാത്ത രോഹിത്തിനെ തനിക്ക് മനസിലാവുന്നില്ലെന്നായിരുന്നു മുന്‍ ഇന്ത്യൻ ക്യാപ്റ്റനും കോച്ചുമായ അനില്‍ കുംബ്ലെയുടെ വാക്കുകള്‍.

ഇന്ത്യയുടെ സ്ഥിരം തലവേദനയായ ഹെഡിനെ പുറത്താക്കാന്‍ വഴിയറിയാത്ത രോഹിത്തിന്‍റേത് മോശം ക്യാപ്റ്റന്‍സിയാണെന്നും കുംബ്ലെ പറഞ്ഞു. രോഹിതിന്‍റെ തന്ത്രങ്ങളെ മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗും വിമര്‍ശിച്ചു. നിര്‍ഗുണ ക്രിക്കറ്റാണ് രോഹിത്തിന് കീഴില്‍ ഇന്ത്യ കാഴ്ചവെക്കുന്നതെന്ന് മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച്‌ തുറന്നടിച്ചു. ഫീല്‍ഡര്‍മാരെ മാറ്റി മറ്റി സ്ഥിരതയില്ലാത്ത ക്യാപ്റ്റന്‍സിയാണ് രോഹിത്തിന്‍റേതെന്നും കാറ്റിച്ച്‌ പറഞ്ഞു.

രണ്ടാം ദിനം ആദ്യ സെഷനില്‍ 75 റണ്‍സിനിടെ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടി ഇന്ത്യ മുന്‍തൂക്കം നേിടയെങ്കിലും ട്രാവിസ് ഹെഡ് ക്രീസിലെത്തുന്നതുവരെയെ അതിന് ആയുസുണ്ടായിരുന്നുള്ളു. നാലാം വിക്കറ്റില്‍ ഹെഡും സ്മിത്തും ചേര്‍ന്ന് 241 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഹെഡിനൊപ്പം സ്മിത്തും സെഞ്ചുറി നേടിയതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലാവുകയും ചെയ്തു. ഹെഡിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പകരം അനായാസം റണ്‍സ് കണ്ടെത്താന്‍ വഴിയൊരുക്കിയ രോഹിത്തിന്‍റെ ഫീല്‍ഡ് പ്ലേസ്മെന്‍റിനെ ആരാധകരും കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.