2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും; തിയതികള്‍ ഇതാ, പക്ഷേ ഇന്ത്യക്കാര്‍ നിരാശരാവേണ്ടിവരും

തിരുവനന്തപുരം: വരും വര്‍ഷവും ആകാശകുതകികള്‍ക്ക് കാഴ്‌ചയുടെ വിരുന്നാകും. 2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കാണാനാകും.അവയുടെ തിയതികളും സമയവും പരിശോധിക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിരാശരാകേണ്ടിവരും. ഈ നാല് ഗ്രഹണങ്ങളില്‍ ഒരെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് ദൃശ്യമാകൂ.

1. പൂര്‍ണ ചന്ദ്രഗ്രഹണം: 2025 മാര്‍ച്ച്‌ 13-14

2025ലെ ആദ്യ ഗ്രഹണമായിരിക്കുമിത്. രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ കാഴ്‌ചയായിരിക്കും ഇത്. യൂറോപ്പിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഇത് കാണാം. എന്നാല്‍ ഇന്ത്യയില്‍ ഈ പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാവില്ല എന്നാണ് റിപ്പോര്‍ട്ട്.

2. ഭാഗികമായ സൂര്യഗ്രഹണം: 2025 മാര്‍ച്ച്‌ 29

2025ലെ ആദ്യ സൂര്യഗ്രഹണത്തില്‍ സൂര്യന്‍റെ കുറച്ച്‌ ഭാഗം മാത്രമേ ചന്ദ്രന്‍ മറയ്ക്കുകയുള്ളൂ. യൂറോപ്പിലും വടക്കേ ഏഷ്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്കയിലും, ദക്ഷിണ അമേരിക്കയില്‍ ഭാഗികമായും ഇത് ദൃശ്യമാകും. ഈ ഭാഗിക സൂര്യഗ്രഹണവും ഇന്ത്യയില്‍ നിന്ന് ദൃശ്യമാവില്ല.

3. പൂര്‍ണ ചന്ദ്രഗ്രഹണം: 2025 സെപ്റ്റംബര്‍ 7-8

2025ലെ രണ്ടാമത്തെ പൂര്‍ണ ചന്ദ്രഗ്രഹണം. അടുത്ത വര്‍ഷം ഇന്ത്യക്കാരുടെ ഏറ്റവും പ്രധാന ആകാശ വിസ്‌മയം ഇതായിരിക്കും. ഇന്ത്യക്ക് പുറമെ യൂറോപ്പിലും ഏഷ്യയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും ദൃശ്യമാകും. ഇന്ത്യക്കാര്‍ക്ക് മിസ്സ് ചെയ്യാന്‍ കഴിയാത്ത ബഹിരാകാശ വിസ്‌മയമായിരിക്കും ഈ പൂര്‍ണ ചന്ദ്രഗ്രഹണം.

4. ഭാഗികമായ സൂര്യഗ്രഹണം: 2025 സെപ്റ്റംബര്‍ 21

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഈ ഭാഗിക സൂര്യഗ്രഹണവും കാണാന്‍ അവസരമുണ്ടാകില്ല. അതേസമയം അന്‍റാര്‍ട്ടിക്ക, പസഫിക്, അറ്റ‌ലാന്‍റിക്, ദക്ഷിണ ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ 2025ലെ അവസാന ഗ്രഹണം ദൃശ്യമാകും.