തീ തുപ്പും മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ; തരംഗമായി ‘മാര്‍ക്കോ’ പുതിയ പോസ്റ്റര്‍, റിലിസിന് 5 നാള് മാത്രം
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിൻ്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയേറ്ററുകളില്‍ എത്താൻ ഇനി 5 ദിനങ്ങള്‍ മാത്രം.ചിത്രം ഡിസംബർ 20ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും. കയ്യില്‍ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നില്ക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസമാണ് നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്നതിനും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് തയ്യാറായിരിക്കുന്നത്.
മല്ലു സിങ് ആയി എത്തി ഉണ്ണി മുകുന്ദൻ മലയാളികളുടെ മനസ്സ് കവർന്നിട്ട് ഒരു പതിറ്റാണ്ടിലേറെയായി. അന്നു മുതല്‍ നായകനായും വില്ലനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഉണ്ണി എത്തിയപ്പോഴും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉണ്ണി തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുമായി വരികയാണ് ‘മാർക്കോ’യിലൂടെ. ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ 5 ഭാഷകളിലായി ചിത്രമെത്തും. ടീസറായും പോസ്റ്ററുകളായും പാട്ടുകളായുമൊക്കെ ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ് പതിന്മടങ്ങായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്.
ചിത്രത്തിലേതായി ഇറങ്ങിയ ചങ്കിടിപ്പേറ്റുന്ന ടീസർ ഇതിനകം 5.2 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ ആദ്യ സിംഗിള്‍ ബ്ലഡ് ഡബ്സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്ദത്തിലെത്തി സോഷ്യല്‍മീഡിയ മുഴുവൻ കീഴടക്കിയിരുന്നു. മൂന്നാമതായെത്തിയ ബേബി ജീൻ പാടിയ മാർപ്പാപ്പ ഗാനവും തരംഗമായി. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന ‘മാർക്കോ’യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാർക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്.
പരുക്കൻ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വല്‍സും സിരകളില്‍ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടല്‍. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. ‘മിഖായേല്‍’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുള്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കണ്ട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റല്‍ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ: ആതിര ദില്‍ജിത്ത്.