എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം പറ്റി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. എല്‍ദോയ്ക്ക് ആനയുടെ കുത്തേറ്റു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമുണ്ടായി. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് എല്‍ദോസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്ബുഴയിലേക്ക് കൊണ്ടുപോയത്. നാല് പൊലീസ് ജീപ്പും ഒരു പൊലീസ് ബസും ആംബുലൻസിനൊപ്പമുണ്ട്. പ്രതിഷേധം കനത്തിലെടുത്താണ് സുരക്ഷ കടുപ്പിച്ചത്.
കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേയാണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്ബുഴ ഉരുളന്‍തണ്ണി സ്വദേശി എല്‍ദോസ് വർഗീസാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എല്‍ദോസിനെ ആന മരത്തില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടിരുന്നില്ല. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു നേര്യമംഗലം ചെമ്ബൻകുഴിയില്‍ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർത്ഥിനിയായ ആൻമേരി മരിച്ചത്.
മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ വർധിക്കുകയാണ്. വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയില്‍വെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇതില്‍ പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയില്‍ ആയിപ്പോയവരും ഏറെയുണ്ട്.