നിരാശപ്പെടുത്തി വീണ്ടും രോഹിത്, പൊരുതി വീണ് രാഹുല്‍, ബ്രിസ്ബേൻ ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍

 

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. പ്രവചനങ്ങളെ കാറ്റില്‍പറത്തി മഴ മാറി നിന്ന നാലാം ദിനം 52-4 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ നാലം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്.41 റണ്‍സോടെ രവീന്ദ്ര ജഡേജയും ഏഴ് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടയും കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നാലാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇന്ത്യക്കിനിയും 79 റണ്‍സ് കൂടി വേണം. അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ ജഡേജ-നിതീഷ് കുമാര്‍ സഖ്യത്തിലാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷ.

മഴ മാറി രോഹിത്തിന്‍റെ കഷ്ടകാലം മാറിയില്ല

നാലാം ദിനം മഴ കൊണ്ടുപോകുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനമെങ്കിലും മഴ മാറി നിന്നപ്പോള്‍ മങ്ങിയത് ഇന്ത്യയുടെ പ്രതീക്ഷകളായിരുന്നു. നാലാം ദിനം രണ്ട് ബൗണ്ടറികളടിച്ച്‌ പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കി പാറ്റ് കമിന്‍സ് തുടക്കത്തിലെ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 27 പന്തില്‍ 10 റണ്‍സെടുത്ത രോഹിത്തിനെ കമിന്‍സിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരി കൈയിലൊതുക്കി. രോഹിത് മടങ്ങുമ്ബോള്‍ ഇന്ത്യൻ സ്കോര്‍ ബോര്‍ഡില്‍ 74 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച്‌ പൊരുതിയ രാഹുല്‍ ഇന്ത്യയെ 100 കടത്തി വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റി.

അര്‍ഹിച്ച സെഞ്ചുറിയിലേക്ക് രാഹുല്‍ അടിവെച്ച്‌ മുന്നേറവെ നഥാന്‍ ലിയോണിന്‍റെ പന്തില്‍ രാഹുലിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് അവിശ്വസനീയമായി കൈയിലൊതുക്കി. 139 പന്ത് നേരിട്ട രാഹുല്‍ 84 റണ്‍സെടുത്ത് മടങ്ങി. ആറാം വിക്കറ്റില്‍ രാഹുല്‍-ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്ത 67 റണ്‍സാണ് ഇതുവരെ ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ 246 റണ്‍സെങ്കിലും ഇന്ത്യ എടുക്കണം. ജഡേജ- നിതീഷ് കുമാര്‍ റെഡ്ഡി സഖ്യം കഴിഞ്ഞാല്‍ പിന്നീട് ഇന്ത്യൻ നിരയില്‍ അവശേഷിക്കുന്നത് ബൗളര്‍മാര്‍ മാത്രമാണ്. ഓസീസീനുവേണ്ടി പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.