അജിത് ഡോവല്‍ ചൈനയില്‍; അതിര്‍ത്തി പ്രശ്നത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഇന്ന് ചര്‍ച്ച
ബീജിംഗ്: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബീജിംഗില്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകള്‍ നടത്തും.അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകള്‍ക്ക് ശേഷമാണ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. യഥാർത്ഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത പ്രശ്നങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം ഉന്നയിച്ചേക്കും.
നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഗല്‍വാൻ താഴ്വരയില് 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സൈനിക തർക്കം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. ആ വർഷം ജൂണില്‍ ഗാല്‍വാൻ താഴ്വരയിലുണ്ടായ സൈനിക ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. പിന്നീട് സൈനിക തലത്തിലും ഉന്നത നയതന്ത്ര തലത്തിലുമായി നിരവധി ചർച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല.
ഇന്ത്യ-ചൈന അതിർത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഒക്ടോബറില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്തിരുന്നു. അതിർത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി വ്യക്തമാക്കിയിരുന്നു. മേഖലയിലെ 75 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പൂർണമായ പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.