തെരുവുവിളക്കുമില്ല വെളിച്ചവുമില്ല, രാപകല്‍ ഭേദമില്ലാതെ കാട്ടാന, ഊണും ഉറക്കവും നഷ്ടപ്പെട്ട് മറ്റപ്പള്ളിക്കാര്‍
ഇടുക്കി: രാപകല്‍ ഭേദമില്ലാതെ വീടിന് സമീപം കാട്ടാനയെത്തുന്ന സാഹചര്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് മറ്റപ്പള്ളി നിവാസികള്‍.മലയോര പാതയില്‍ കട്ടപ്പന കുട്ടിക്കാനം റൂട്ടില്‍ ഒന്നര കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറി വനമേഖലയോട് അതിർത്തി പങ്കിടുന്ന മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കാട്ടാന ഭീതിയില്‍ കഴിയുന്നത്. ചൊവ്വാഴ്ച രാത്രി 9.30 യോടെ മറ്റപ്പള്ളി കുരിശു പള്ളിക്ക് സമീപം കാവടിക്കവല റോഡില്‍ ഇരുപ്പയില്‍ മേരിക്കുട്ടിയുടെ വീടിന് മുൻ വശത്താണ് കാട്ടാനയെത്തിയത്. ശബ്ദം കേട്ട് മേരിക്കുട്ടി മുറ്റത്തിറങ്ങി നോക്കുമ്ബോള്‍ വീടിന് മുന്നിലായി റോഡില്‍ നില്‍ക്കുന്ന കാട്ടാനയെയാണ് കണ്ടത്. ഇവർ ഉടൻ തന്നെ അകത്ത് കയറി മകനെയും പിന്നാലെ സമീപവാസികളെയും വിളിച്ചറിയിച്ചു. പ്രദേശ വാസികള്‍ എത്തി ബഹളം വെച്ചതോടെ അല്പം ദൂരം കാട്ടിലേയ്ക്ക് കയറിയെങ്കിലും ഉള്ളിലേയ്ക്ക് മടങ്ങാൻ തയാറായില്ല.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്വരാജില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. പടക്കം പൊട്ടിച്ചും മറ്റും ബഹളം വെച്ചെങ്കിലും ആന ഒരുപാട് ഉള്ളിലേയ്ക്ക് മടങ്ങി പോകാൻ തയാറായില്ല. ഭയചകിതരായ പ്രദേശ വാസികള്‍ വനത്തിനോട് ചേർന്നുള്ള റോഡകരുകില്‍ തീ കത്തിച്ച് കാഞ്ഞ് പുലർച്ചെ മൂന്നര വരെ ഉറക്കമിളച്ച് കാവല്‍ ഇരുന്ന ശേഷമാണ് മടങ്ങി പോയത്. എന്നാല്‍ ഈ സമയം അരകിലോ മീറ്റർ അകലെയുള്ള മാക്കിയില്‍ ജോമോൻ്റെ കൃഷിയിടത്തിലെ വാഴ വലിച്ചു തിന്ന് നശിപ്പിച്ച ശേഷമാണ് ആന മടങ്ങിയത്. കാട്ടാന ഭീതിയും ആക്രമണവും ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സമാധാന ജീവിതം ഒന്നാകെ തകർന്നിരിക്കുകയാണ്.
കുറച്ചു കാലം മുൻപ് ഇവിടെ ആനയിറങ്ങിയത് വൈകുന്നേരം ആറു മണിക്കാണ്. ആനയെ കണ്ട പെണ്‍കുട്ടി അന്നെടുത്ത വീഡിയോ വൈറലായിരുന്നു. മറ്റൊരു ദിവസം പ്രദേശവാസിയായ യുവാവ് പട്ടാപകല്‍ റോഡരുകില്‍ ഫോണ്‍ ചെയ്തു കൊണ്ടിരിക്കെ തൊട്ടരുകില്‍ ആനയെത്തിയപ്പോള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതു കൂടാതെ പല തവണയാണ് ഇവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ ആനയെത്തുന്നത്. ചിലപ്പോള്‍ ഒറ്റയ്ക്കും കൂട്ടമായുമാണ് ഇവിടങ്ങളില്‍ ആന എത്തുന്നത്. രാപകല്‍ കാട്ടാന ഭീതിനിലനില്‍ക്കുന്ന ഇവിടങ്ങളിലെ വഴിയോരങ്ങളില്‍ തെരുവ് വിളക്കുകള്‍ ഒന്നും പ്രവർത്തിക്കാത്തതിനാല്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്. കർഷകരും തൊഴിലാളികളും അടക്കം സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഇതുവഴി രാത്രികാലങ്ങളില്‍ അടക്കം കാല്‍ നടയാത്രികർ സഞ്ചരിക്കാറുള്ളതാണ്. ട്യൂഷൻ കഴിഞ്ഞും മറ്റും സ്കൂള്‍ കുട്ടികളടക്കവും സഞ്ചരിക്കാറുണ്ട്. ആന ശല്യവും കാട്ടുപന്നി ആക്രമണവും പതിവാകുന്ന ഇതുവഴിയുള്ള രാത്രിയാത്ര അത്യന്തം ഭയാനകമാണ്. എന്നാല്‍ തെരുവു വിളക്കുകള്‍ ഒന്നും പുസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളുകളായി പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും സമീപിച്ച് മടുത്തതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
കാട്ടാന ആക്രമണത്തില്‍ ആരുടെ എങ്കിലും ജീവൻ നഷ്ടമാകും വരെ കാത്തിരിക്കാതെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പ്രശ്നം പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മേഖലയില്‍ രാത്രികാലങ്ങളില്‍ വനപാലകരുടെ പെട്രൊളിംഗ് ആരംഭിക്കണം. വനാതിർത്തിയോട് ചേർന്ന് കിടങ്ങുകള്‍ തീർക്കുകയോ ഫെൻസിംഗ് വേലികള്‍ സ്ഥാപിക്കുകയോ ചെയ്യണം. തെരുവുവിളക്കുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പരിഹരിച്ചാൻ തന്നെ കാട്ടാന ശല്യത്തില്‍ നിന്നും രക്ഷനേടാനാകു. വനാതിർത്തിയിലെ കുളത്തിലാണ് ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വെള്ളം എടുക്കാൻ പോകുന്ന ഇവിടെ ജീവൻ കയ്യില്‍ പിടിച്ചാണ് ആളുകള്‍ സഞ്ചരിക്കുന്നത്. അധികൃതർ കണ്ണു തുറന്നു കാട്ടാന ആക്രമണത്തില്‍ നിന്നുള്ള ശാശ്വത പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.