പുതുവ‍‍ര്‍ഷത്തലേന്ന് വയനാട്ടില്‍ 20,000 പേരുടെ ബോച്ചെ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍; സ്റ്റേ ചെയ്ത് ഹൈക്കോടതി


കൊച്ചി: ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച്‌ ജില്ല കളക്ടർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നല്‍കി. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയാണ് 20,000 പേർ പങ്കെടുക്കുമെന്ന പരിപാടി പ്രഖ്യാപിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സർക്കാർ സംവിധാനങ്ങളുടെ അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്.