Fincat

‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾക്ക് ജില്ലയിൽ തുടക്കം

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്തിന് മലപ്പുറം ജില്ലയിൽ തുടക്കമായി. നിലമ്പൂർ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തുന്ന അദാലത്തുകൾക്ക് തുടക്കമായത്. ജില്ലയുടെ ചുമതലയുള്ള കായിക – ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

 

നേരത്തെ ഓൺലൈനിലും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങളിലും നൽകിയ പരാതികൾക്ക് പുറമെ പുതിയ പരാതികളും അദാലത്തിൽ സ്വീകരിക്കുന്നുണ്ട്. നേരത്തെ ലഭിച്ച പരാതികളിൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ പരിശോധിച്ച് മന്ത്രിമാർ യഥാസമയം തീരുമാനമെടുത്തു. പുതിയ പരാതികൾ ഉദ്യോഗസ്ഥ തലത്തിൽ പരിശോധിച്ച് രണ്ടാഴ്ചക്കകം തീർപ്പാക്കാൻ മന്ത്രിമാർ നിർദ്ദേശം നൽകി.

 

ഭൂമി സംബന്ധമായ പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും, സര്‍ട്ടിഫിക്കറ്റുകള്‍ – ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക- ബുദ്ധി – മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം – മാലിന്യ സംസ്‌കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്- കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, രോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ – അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളിൽ പരിഗണിക്കുന്നത്.

 

കാട്ടുമുണ്ട തോട്ടത്തിൽ കൺവെൻഷൻ സെൻ്ററിൽ നടന്ന നിലമ്പൂർ താലൂക്ക് തല അദാലത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർക്ക് പുറമേ പി വി അബ്ദുൽ വഹാബ് എം പി, പി കെ ബഷീർ എം എൽ എ, ജില്ലാ കളക്ടർ വി ആർ വിനോദ്, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ്വ ത്രിപാദി, അസിസ്റ്റന്റ് കളക്ടർ വി എം ആര്യ, എഡിഎം എൻ എം മെഹറലി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, താലൂക്ക് – ഫീൽഡ് ലെവൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.