ആകാശത്ത് ആടിയുലഞ്ഞ് റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക്; വീണ്ടും പരാജയപ്പെട്ട് സ്പേസ് വണ്‍ കെയ്‌റോസ്
ടോക്കിയോ: ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്ബനിയുടെ കെയ്റോസ് റോക്കറ്റ് വീണ്ടും പരാജയപ്പെട്ടു.വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് വായുവില്‍ വച്ച് മൂക്കുകുത്തുകയായിരുന്നു. തായ്‌വാന്‍ ബഹിരാകാശ ഏജന്‍സിയുടെ ഒന്നടക്കം അഞ്ച് ചെറിയ കൃത്രിമ ഉപഗ്രഹങ്ങളാണ് കെയ്‌റോസ് റോക്കറ്റ് വഹിച്ചിരുന്നത്. ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കാനായിരുന്നു ശ്രമം.
സ്പേസ് വണ്‍ കമ്ബനിയുടെ കെയ്‌റോസ് ബഹിരാകാശ വിക്ഷേപണ വാഹനമാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ റോക്കറ്റിന്‍റെ രണ്ടാം വിക്ഷേപണവും ലിഫ്റ്റ്‌ഓഫിന് മിനിറ്റുകള്‍ക്ക് ശേഷം പരാജയപ്പെടുകയായിരുന്നു. 18 മീറ്റര്‍ ഉയരമുള്ള സോളിഡ്-ഫ്യൂവല്‍ റോക്കറ്റാണ് കെയ്‌റോസ്. ജപ്പാനിലെ സ്പേസ്‌പോര്‍ട്ട് കീയില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കെയ്‌റോസ് റോക്കറ്റിന്‍റെ സ്ഥിരത നഷ്ടമായി. ഇതോടെ വിക്ഷേപണം അവസാനിപ്പിക്കാന്‍ ശ്രമം തുടങ്ങി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കെയ്റോസ് റോക്കറ്റിന്‍റെ വിക്ഷേപണം പൂര്‍ണ വിജയമായില്ലെന്ന് സ്പേസ് വണ്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിജയകരമായി അയക്കുന്ന ജപ്പാനിലെ ആദ്യ സ്വകാര്യ കമ്ബനിയാവാനുള്ള സ്പേസ് വണ്ണിന്‍റെ രണ്ടാം ശ്രമത്തിനാണ് തിരിച്ചടി നേരിട്ടത്.
സ്പേസ് വണ്ണിന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ വിക്ഷേപണ പരാജയമാണിത്. 2024 മാര്‍ച്ചില്‍ കെയ്റോസ് റോക്കറ്റ് വിക്ഷേപിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് ആദ്യ സംഭവം. അന്ന് കുതിച്ചുയര്‍ന്ന് വെറും അഞ്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മാറ്റങ്ങളോടെയാണ് കെയ്റോസ് റോക്കറ്റിന്‍റെ രണ്ടാം വിക്ഷേപണത്തിന് സ്പേസ് വണ്‍ ശ്രമിച്ചതെങ്കിലും ആ ദൗത്യവും നാടകീയമായി അവസാനിച്ചു. കാനണ്‍ അടക്കമുള്ള വമ്ബന്‍ കമ്ബനികളുടെ പിന്തുണയോടെ 2018ലാണ് ജപ്പാനിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്ബനി സ്ഥാപിച്ചത്.