നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 27 ലക്ഷം; പിഴ ചുമത്തി ആര്‍ബിഐ

ദില്ലി: സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഇൻഡസ്‌ഇൻഡ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 27 ലക്ഷം രൂപയാണ്. പിഴ ഇനത്തില്‍ ഇൻഡസ്‌ഇൻഡ് ബാങ്ക് നല്‍കേണ്ടത്.നിക്ഷേപങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കാത്തതിനാണ് നടപടി.

അയോഗ്യരായ സ്ഥാപനങ്ങളുടെ പേരില്‍ ചില സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ തുറന്നതിനാണ് ബാങ്കിന് പിഴ ചുമത്തിയത്. നിദേഷാങ്ങളില്‍ വീഴ്ച വരുത്തിയതിനു ആർബിഐ ബാങ്കിന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മറുപടി പരിഗണിച്ചതിന് ശേഷമാണ് പിഴ ചുമത്തിയത്.

അതേസമയം, പിഴ ആർബിഐയുടെ നിർദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയെ അടിസ്ഥാനമാക്കി മാത്രമാണെന്നും ഇൻഡസ്‌ഇൻഡ് ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഇടപാടുകളുടെയോ കരാറിൻ്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. .

മുൻപ് സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെയും ആർബിഐ നടപടി എടുത്തിരുന്നു. 59 ലക്ഷം ആണ് ആർബിഐ പിഴ ചുമത്തിയത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് പ്രകാരമാണ് കർണാടക ബാങ്കിനെതിരെ ആർബിഐ നടപടിയെടുത്തത്.

സെൻട്രല്‍ ബാങ്ക് പറയുന്നതനുസരിച്ച്‌, കർണാടക ബാങ്ക് പലിശ നിരക്ക്, ആസ്തി വർഗ്ഗീകരണം, നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങള്‍ ശരിയായി പാലിച്ചിരുന്നില്ല. അനർഹരായ പല കമ്ബനികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളില്‍ ചില വായ്പാ അക്കൗണ്ടുകള്‍ പുതുക്കാനും അവലോകനം ചെയ്യാനും ബാങ്കിന് സാധിച്ചിട്ടില്ല. ബാങ്ക് അവയെ നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചിട്ടുമില്ല. ഇതിന് പിന്നാലെ ബാങ്കിന് ആർബിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് മറുപടിയായി ബാങ്കില്‍ നിന്ന് ലഭിച്ച മറുപടി വിശകലനം ചെയ്ത ശേഷമാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്.