പണം വാരിയിരുന്ന നോര്‍ത്ത് ഇന്ത്യയില്‍ പുഷ്പ 2 വിന് തിരിച്ചടി; 15മത്തെ ദിവസം സംഭവിച്ചത് !

ഹൈദരാബാദ്: തിയേറ്ററില്‍ റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്ബോള്‍ ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സോഫീസ് വിജയം നേടുന്ന ചിത്രമായി മാറി.എന്നാല്‍ ചിത്രം ലക്ഷ്യമിടുന്ന രണ്ടാം സ്ഥാനം ഇനി കിട്ടിയേക്കില്ലെന്നാണ് സൂചന. ചിത്രത്തിന്‍റെ എച്ച്‌.ഡി പ്രിന്‍റ് തന്നെ പൈറസി സൈറ്റുകളില്‍ ചോര്‍ന്നുവെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ വെള്ളിയാഴ്ച ഇത് തന്‍റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജ്യത്തെ മുഖ്യമള്‍ട്ടിപ്ലസ് ശൃംഖലയായ പിവിആർ ഐനോക്സ് ചിത്രം പിന്‍വലിച്ചുവെന്നാണ് വിവരം. വടക്കേ ഇന്ത്യയില്‍ നിന്ന് എല്ലാ പുഷ്പ 2 ഷോകളും താല്‍ക്കാലികമായി നീക്കം ചെയ്യാൻ തിയേറ്റർ ശൃംഖല തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ പ്രശ്നം ഉടന്‍ പരിഹരിച്ച്‌ ചിത്രം വീണ്ടും പിവിആറില്‍ എത്തുമെന്നാണ് വിവരം.

ഒപ്പം ക്രിസ്മസ് റിലീസായ ബേബി ജോണ്‍ എത്തുന്നത് പുഷ്പ 2വിന് വലിയ തിരിച്ചടിയായേക്കും എന്നാണ് ചില വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ഹിന്ദി ചിത്രം വലിയ അഭിപ്രായം നേടിയില്ലെങ്കില്‍ പുഷ്പ 2വിന് വീണ്ടും സാധ്യതയുണ്ട്.

പുഷ്പ 2: ദി റൂള്‍ ഇതിനകം ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമായി മാറിയിട്ടുണ്ട്. റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 600 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് പറയുന്നതനുസരിച്ച്‌, അല്ലു അർജുൻ നായകനായ ചിത്രം ലോകമെമ്ബാടും 1,500 കോടി രൂപ കടന്നു. 1,508 കോടി രൂപയാണ് ചിത്രം ഇതുവരെ കളക്ഷൻ നേടിയതെന്നാണ് റിപ്പോർട്ട്.

2021 ലെ ബ്ലോക്ക്ബസ്റ്റർ പുഷ്പ: ദി റൈസിന്‍റെ തുടർച്ചയാണ് സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ പുഷ്പ രാജ് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു, ഒപ്പം ശ്രീവല്ലിയായി രശ്മിക മന്ദാനയും എസ്പി ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിലുമാണ് എത്തുന്നത്. ദേവി ശ്രീ പ്രസദാണ് സംഗീതം.